Asianet News MalayalamAsianet News Malayalam

അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ബിന്ദ്ര വ്യക്തമാക്കി.

abhinav bindra honored with olympic order at IOC
Author
First Published Aug 10, 2024, 11:39 PM IST | Last Updated Aug 10, 2024, 11:39 PM IST

പാരീസ്: ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍ നല്‍കി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി). ഒളിംപിക്‌സില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍.

അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ബിന്ദ്ര വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ അംഗീകാരം ഒരു വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, കായിക മേഖലയില്‍ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസത്തിന്റേയും മറ്റും തെളിവാണ്. ഐഒസിയുടെ അംഗീകാരത്തോട് ഞാന്‍ കടപ്പെട്ടിരിക്കും. ഒളിംപിക്‌സ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന എല്ലാ കായികതാരങ്ങളും കായിക പ്രേമികള്‍ക്കും ഞാനിത് സമര്‍പ്പിക്കുന്നു.'' ബിന്ദ്ര പറഞ്ഞു.

abhinav bindra honored with olympic order at IOC

2008 ബീജിംഗ് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ബിന്ദ്ര. ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, ബിന്ദ്ര 150-ലധികം വ്യക്തിഗത മെഡലുകള്‍ നേടി. ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ പരമോന്നത ബഹുമതിയായ ബ്ലൂ ക്രോസ് 2018-ല്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

കായികരംഗത്തെ നേട്ടങ്ങള്‍ക്ക് പുറമേ, കായിക ഭരണത്തിലും ബിന്ദ്ര കാര്യമായ സംഭാവനകള്‍ നല്‍കി. എട്ട് വര്‍ഷമായി ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ അത്ലറ്റ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം നിലവില്‍ ഐഒസി അത്ലറ്റ് കമ്മീഷനിലും വിദ്യാഭ്യാസ കമ്മീഷനിലും അംഗമാണ്. 

വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്നില്ല! പുതിയ സമയം കുറിച്ച് കായിക തര്‍ക്ക പരിഹാര കോടതി

വിരമിച്ചതിന് ശേഷം ബിന്ദ്ര ഇന്ത്യയിലെ താഴെത്തട്ടിലുള്ള കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ ട്രസ്റ്റ് (ABFT) സ്ഥാപിച്ചിരുന്നു. ഉയര്‍ന്ന പരിശീലനം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന സംരംഭങ്ങളിലൂടെ മികച്ച പരിശീലനങ്ങള്‍ ഇന്ത്യന്‍ കായികരംഗത്തേക്ക് കൊണ്ടുവരാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios