ഒസാക്ക, സെറീന വില്യംസിനേയും ബ്രാഡി, കരോളി മുച്ചോവയേയും തോല്‍പിച്ചാണ് കലാശപ്പോരില്‍ ഇടംപിടിച്ചത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ നവോമി ഒസാക്ക-ജെന്നിഫർ ബ്രാഡി ഫൈനല്‍. ഒസാക്ക, സെറീന വില്യംസിനേയും ബ്രാഡി, കരോളി മുച്ചോവയേയും തോല്‍പിച്ചാണ് കലാശപ്പോരില്‍ ഇടംപിടിച്ചത്. 22-ാം സീഡായ ബ്രാഡിയുടെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണിത്. എന്നാല്‍ ജയിച്ചാല്‍ ഒസാക്കയുടെ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുടെ എണ്ണം നാലാകും. 

സെറീനയെ വീഴ്‌ത്തി ഒസാക്ക

സൂപ്പര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യ സെമിയില്‍ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മൂന്നാം സീഡായ ഒസാക്ക ജയിച്ചുകയറിയത്. മത്സരം ഒരു മണിക്കൂറും 15 മിനുറ്റും നീണ്ടുനിന്നപ്പോള്‍ മികച്ച തുടക്കത്തിന് ശേഷം പതറുകയായിരുന്നു മുന്‍ ചാമ്പ്യന്‍ കൂടിയായ സെറീന. അതേസമയം തുടര്‍ച്ചയായ 20 മത്സരങ്ങള്‍ ജയിച്ച് കുതിപ്പ് തുടര്‍ന്നു ഒസാക്ക. 

ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ സെറീനയുടെ കാത്തിരിപ്പ് ഇതോടെ നീളുകയാണ്. സെറീന ഏഴ് തവണയും ഒസാക്ക 2019ലും ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയിട്ടുണ്ട്. 

രണ്ടാം സെമിയും അത്യുഗ്രം

മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന മുച്ചോവ-ബ്രാഡി രണ്ടാം സെമിയും ആവേശകരമായി. ശക്തമായ പോരാട്ടത്തിലൂടെ 22-ാം സീഡുകാരിയായ ബ്രാഡി കരിയറില്‍ പുതു ചരിത്രം രചിക്കുകയായിരുന്നു. ആദ്യ സെറ്റ് 6-4 എന്ന സ്‌കോറില്‍ ബ്രാഡി സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3 എന്ന നിലയില്‍ മുച്ചോവ നേടിയപ്പോള്‍ നിര്‍ണായകമായ മൂന്നാം സെറ്റ് വിധിയെഴുതി. 6-4 എന്ന നിലയില്‍ ജയം ബ്രാഡിക്ക് ഒപ്പം നിന്നു.