ദോഹ: ലോക അത് ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്‍‍ലെ പതിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ കുറിച്ച ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ്, സാബ്‍‍ലെയുടെ നേട്ടം. 8 മിനിറ്റ് 21.37 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത സാബ്‍‍ലെ, അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടി.

പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തിൽ മലയാളി താരം കെ ടി ഇര്‍ഫാന്‍, 26ആം സ്ഥാനത്തും, ദേവേന്ദര്‍ സിംഗ് 35ആം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇന്ന് മലയാളി താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീം പുരുഷ , വനിതാ വിഭാഗങ്ങളില്‍ 4 ഗുണം 400 മീറ്റര്‍ റിലേ ഹീറ്റ്സില്‍ മത്സരിക്കും.

മലയാളികളായ മുഹമ്മദ് അനസ് , നോഹ നിര്‍മൽ ടോം , അലക്സ് ആന്‍റണി , അമോജ് ജേക്കബ് എന്നിവര്‍ പുരുഷ വിഭാഗത്തിലും, വി കെ വിസ്മയ , ജിസ്ന മാത്യു എന്നിവര്‍ വനിതാ വിഭാഗത്തിലും മത്സരിക്കുമെന്നാണ് സൂചന.വനിതാ റിലേ , ദോഹയിൽ ഇന്ത്യന്‍ സമയം രാത്രി 10.25നും പുരുഷ റിലേ 10.55നും നടക്കും. മലയാളി താരം ടി ഗോപിയും ഇന്ന് ട്രാക്കിലിറങ്ങുന്നുണ്ട്. മാരത്തണിലാണ് ഗോപി മത്സരിക്കുന്നത്. ദോഹയില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3.30നാണ് മത്സരം തുടങ്ങുന്നത്.