Asianet News MalayalamAsianet News Malayalam

'നീ തോറ്റിട്ടില്ല, തോല്‍പ്പിച്ചതാണ്'; വിനേഷിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ബജ്റംഗ് പൂനിയ

വിനേഷിന്‍റെ വിരമിക്കല്‍ വാര്‍ത്തയെക്കുറിച്ച് സഹതാരമായിരുന്ന സാക്ഷി മാലിക്കും പ്രതികരിച്ചു.വിനേഷ് നീ തോറ്റിട്ടില്ല.രാജ്യത്തെ ഓരോ മകള്‍ക്കും വേണ്ടി നീ പൊരുതി ജയിച്ച പോരാട്ടമാണ് തോറ്റത്.

Bajrang Punia and Sakshi Malik responds to Vinesh Phogat's retirement
Author
First Published Aug 8, 2024, 11:06 AM IST | Last Updated Aug 8, 2024, 8:07 PM IST

ദില്ലി:പാരീസ് ഒളിംപിക്സില്‍ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലെ ഫൈനല്‍ മത്സരത്തിന് തൊട്ടു മുമ്പ് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കല് പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന്‍റെ തീരുമാനത്തില്‍ പ്രതികരിച്ച് സഹതാരം ബജ്റംഗ് പൂനിയ.വിനേഷ്, നീ തോറ്റിട്ടില്ല, നിന്നെ തോല്‍പ്പിച്ചതാണ്. ഞങ്ങള്‍ക്കി നീ എന്നും ജേതാവാണ്. നീ ഇന്ത്യയുടെ മകള്‍ മാത്രമല്ല, അഭിമാനവുമാണെന്നായിരുന്നു ബജ്റംഗ് പൂനിയയുടെ പ്രതികരണം.

വിനേഷിന്‍റെ വിരമിക്കല്‍ വാര്‍ത്തയെക്കുറിച്ച് സഹതാരമായിരുന്ന സാക്ഷി മാലിക്കും പ്രതികരിച്ചു.വിനേഷ് നീ തോറ്റിട്ടില്ല.രാജ്യത്തെ ഓരോ മകള്‍ക്കും വേണ്ടി നീ പൊരുതി ജയിച്ച പോരാട്ടമാണ് തോറ്റത്.ഇത് രാജ്യത്തിന്‍റെ തോല്‍വിയാണ്. ഈ രാജ്യം മുഴുവന്‍ നിനക്കൊപ്പമുണ്ടെന്നായിരുന്നു സാക്ഷി മാലിക്കിന്‍റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി താരങ്ങള്‍ നടത്തിയ പോരാട്ടത്തിന്‍റെ മുഖങ്ങളായിരുന്നു ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും.

ഒളിംപിക് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയ വിനേഷ് ഇന്നലെ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് മുന്നോടിയായുള്ള പതിവ് ഭാരപരിശോധനയിലാണ് പരാജയപ്പെട്ടത്. അനുവദനീയമായ ശരീരഭാരമായ 50 കിലോയേക്കാള്‍ 100 ഗ്രാം കൂടുതല്‍ ഭാരമുണ്ടെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് വിനേഷിനെ അയോഗ്യയാക്കകയായിരുന്നു.

സെമി ഫൈനല്‍ മത്സരത്തിനുശേഷം ഭാരം കൂടിയത് മനസിലാക്കിയ വിനേഷ് ഭാരം കുറക്കാനായി കഠിന വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.ഒരു തുള്ളി വെളളം പോലും കുടിക്കാതെ ഒരുതരി ഭക്ഷണംപോലും കഴിക്കാതെ നടത്തിയ കഠിന പരിശീലനത്തിനും പക്ഷെ വിനേഷിന്‍രെ നിര്‍ഭാഗ്യത്തെ തടയാനായില്ല. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ കടുത്ത നിര്‍ജ്ജലീകരണം കാരണം വിനേഷിനെ ഒളിംപിക്സ് വില്ലേജിലെ മെഡിക്കല്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios