ടോക്കിയോ ഒളിംപിക്സ് സെമിയില്‍ സിന്ധുവിനെ വീഴ്ത്തിയതും തായ് സു ആയിരുന്നു. തായ് സുവിന്‍റെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട സിന്ധു പൊരുതനോക്കിയെങ്കിലും സുവിനെ വീഴ്ത്താനായില്ല.

മാഡ്രിഡ്: ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്(BWF World Badminton Championships) പുരുഷ വിഭാഗം സെമിയിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്( Kidambi Srikanth). ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് താരം മാര്‍ക്ക് കാള്‍ജൗവിനെ(Mark Caljouw ) നേരിട്ടുള്ള ഗെമിയുകളില്‍ വീഴ്ത്തിയാണ് ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍ 21-8, 21-7. വെറും 26 മിനിറ്റുകളിലായിരുന്നു ശ്രീകാന്ത് ജയിച്ചു കയറിയത്.

ടൂര്‍ണമെന്‍റിലെ പന്ത്രണ്ടാം സീഡും ലോക റാങ്കിംഗില്‍ പതിനാലാം സ്ഥാനക്കാരനുമായ ശ്രീകാന്ത് ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 11-5ന് മുന്നിലെത്തി. പിന്നീട് 14-8ന് കാള്‍ജൗ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി ഏഴ് പോയന്‍റുകള്‍ നേടി ശ്രീകാന്ത് ആദ്യ ഗെയിം പോക്കറ്റിലാക്കി.

രണ്ടാം ഗെയിമും ആദ്യ ഗെയിമിന്‍റെ തനിയാവര്‍ത്തനമായിരുന്നു. തുടക്കത്തില്‍ 4-3ന് കാള്‍ജൗ പിടിച്ചു നില്‍ക്കാൻ് ശ്രമിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി ഏഴ് പോയന്‍റ് നേടിയ ശ്രീകാന്ത് 11-3ല്‍ എത്തി. 17-7ന് പിടിച്ചു നില്‍ക്കാന്‍ കാള്‍ജൗ ശ്രമിച്ചെങ്കിലും അവസാനം തുടര്‍ച്ചയായ നാലു പോയന്‍റ് പോക്കറ്റിലാക്കി ശ്രീകാന്ത് വിജയവും സെമി സ്ഥാനവും സ്വന്തമാക്കി.

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് ശ്രീകാന്ത്. 1983ല്‍ പ്രകാശ് പദുക്കോണും 2019ല്‍ സായ് പ്രണീതുമാണ് ശ്രീകാന്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

സിന്ധുവിന് നിരാശ

ശ്രീകാന്ത് ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ വനിതകളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിലവിലെ ചാമ്പ്യന്‍ പി വി സിന്ധു(PV Sindhu) ക്വാര്‍ട്ടറില്‍ വീണു. ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗാണ്(Tai Tzu Ying ) നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധുവിനെ വീഴ്ത്തിയത്. സ്കോര്‍ 21-17, 21-13.

ടോക്കിയോ ഒളിംപിക്സ് സെമിയില്‍ സിന്ധുവിനെ വീഴ്ത്തിയതും തായ് സു ആയിരുന്നു. തായ് സുവിന്‍റെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട സിന്ധു പൊരുതനോക്കിയെങ്കിലും സുവിനെ വീഴ്ത്താനായില്ല. ആദ്യ ഗെയിമിന്‍റെ തുടക്കത്തില്‍ 2-2ന് ഒപ്പം നിന്നെങ്കിലും പിന്നീട് 11-6ലേക്ക് അതിവേഗം കുതിച്ച സുവിനെ സിന്ധു 16-18, 17-19 എന്നീ സ്കോറുകളിലെത്തിച്ചെങ്കിലും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ സു ആദ്യ ഗെയിം നേടി.

രണ്ടാം ഗെയിമിന്‍റെ പകുതിവരെയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കണ്ടത്. 11-8, 11-10 എന്നീ സ്കോറുകളില്‍ ഒപ്പത്തിനൊപ്പം എത്തിയ സിന്ധു ഒരു ഘട്ടത്തില്‍ 12-11ന് ലീഡെടുക്കുയും ചെയ്തു. എന്നാല്‍ പിന്നീട് കോര്‍ട്ടിന്‍റെ മുക്കിലും മൂലയിലേക്കും ഷട്ടില്‍ പറത്തി സിന്ധുവിനെ തളര്‍ത്തിയ സു 16-13ന് ലീഡ് തിരിച്ചു പിടിച്ചു. പിന്നീട് സിന്ധുവിന് ഒറ്റ പോയന്‍റും നല്‍കാതെ ഗെയിമും സെമി ടിക്കറ്റും സ്വന്തമാക്കി.

2019ലെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സുവിന്‍റെ വിജയം.