രാജ്യം കൊവിഡ് 19 നെതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി സ്പാനിഷ് ബാഡ്മിന്‍റണ്‍ താരം കരോലിന മരിന്‍. മഹാമാരികാലത്ത് രാജ്യത്തെ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താന്‍ വിവിധ മത്സരങ്ങളില്‍ നിന്ന് നേടിയ മെഡലുകള്‍  സമ്മാനിക്കുന്നുവെന്ന് യുവതാരം പ്രഖ്യാപിച്ചത്. 2016ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ  പി വി സിന്ധുവിനെ പരാജയപ്പെടുത്തി വനിതാ സിംഗിള്‍സ് സ്വര്‍ണ മെഡല്‍ നേടിയ താരമാണ് കരോലിന മരിന്‍.

മാഡ്രിഡിലെ വിര്‍ജെന്‍ ഡേല്‍ മാര്‍ ഹോസ്പിറ്റലിലെ ജീവനക്കാരുമായി വീഡിയോ കാളിലൂടെ സംസാരിക്കുന്നതിനിടയിലാണ് വനിതാ താരത്തിന്‍റെ അപ്രതീക്ഷിത നീക്കം. കൊവിഡ് 19 രൂക്ഷമായി വലച്ച സ്പെയിനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിക്കുന്ന നടപടിയായിരുന്നു കരോലിന മരിന്‍റേത്. വെല്ലുവിളിയുടെ ഈ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നമ്മുക്കായി ചെയ്യുന്ന സേവനം വളരെ വലുതാണ്. സ്പെയിനിലെ യഥാര്‍ത്ഥ ഹീറോ അവരാണ്. അവര്‍ക്കാണ് കയ്യടികളും പ്രശംസയും ലഭിക്കേണ്ടതെന്നും താരം പ്രതികരിച്ചു.

ബാര്‍സിലോണയില്‍ നൂറ് വയസ് പ്രായമുള്ളയാളെ കൊവിഡില്‍ നിന്ന് കരകയറാന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരുമായും കരോലിന മരിന്‍ സംസാരിച്ചു. തനിക്കവരോട് നന്ദിയുണ്ട്. ജീവനുകള്‍ രക്ഷിക്കുന്ന മുന്‍നിര പോരാളികളാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും കരോലിന മരിന്‍ പറയുന്നു. കൊവിഡ് 19 വ്യാപനം രൂക്ഷമായതിന് പിന്നാലെ സ്പെയിനിലെ വിവിധ മേഖലകളിലും ലോക്ക്ഡൌണ്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.