മത്സരത്തില്‍ ഒലീവ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

ദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍-സ്‌കൂള്‍ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (യുഡിഎസ്ടി) കാമ്പസില്‍ നടന്ന മീറ്റില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 500-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇന്‍കാസ് യൂത്ത് വിങ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീന്‍ എന്‍എംകെയുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു. 

മത്സരത്തില്‍ ഒലീവ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. മികച്ച സംഘാടനത്തിലൂടെ ഇന്‍കാസ് യൂത്ത് വിംഗ് മലപ്പുറം ചാപ്റ്റര്‍ ഖത്തറിലെ യുവ കായികതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി നല്‍കുക മാത്രമായിരുന്നില്ല, ദോഹയിലെ ഇന്ത്യന്‍ സമൂഹത്തില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുകയും ചെയ്യുന്നതായിരുന്നു. ഖത്തറിലെ യുവ പ്രതിഭളുടെ കായിക പരമായകഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തുന്നതിനുള്ള ഇന്‍കാസ് യൂത്ത് വിങ്ങിന്റെ പ്രതിബദ്ധത ഈ പരിപാടിയിലൂടെ അടിവരയിട്ടു. 

എന്‍വിബിഎസ് സ്ഥാപകരായ മനോജ് സാഹിബ് ജാന്‍, ബേനസീര്‍ മനോജ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, കാസര്‍കോട് ഡിസിസി വൈസ്-പ്രസിഡന്റ് ആജ പ്രതീപ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ജൂനിയര്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം റിയ കുര്യനും, ഖത്തര്‍ ജൂനിയര്‍ മാരത്തണ്‍ ജേതാവ് ഇഫ്ര സഫ്രീനും ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംങ് പ്രസിഡന്റ് ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി സിജോ നിലമ്പൂര്‍ എന്നിവര്‍ക്ക് ദീപശിഖ കൈമാറി.