ദില്ലി: 2022ലെ കോമൺവെല്‍ത്ത് ഗെയിംസ് ബഹിഷ്കരിക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ പിന്തുണയ്ക്കുന്നതായി ഷൂട്ടിംഗ് താരം ഹീന സിദ്ദു. ഷൂട്ടിംഗ് ഗെയിംസിലെ സ്ഥിരം മത്സരയിനമാക്കണമെന്നും ഹീന സിദ്ദു പറഞ്ഞു.

കോമൺവെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടുന്ന ഷൂട്ടിംഗ് 2022ലെ ബര്‍മിങ്ഹാം ഗെയിംസിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ദുരുദ്ദേശപരമെന്നാണ് ഹീന സിദ്ദുവിന്‍റെ അഭിപ്രായം. ഗെയിംസ് ഇന്ത്യ ബഹിഷ്കരിക്കണമെന്ന ഐഒഎ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായും കോമൺവെല്‍ത്ത് ഗെയിംസ് മെഡൽ ജേതാവായ ഷൂട്ടിംഗ് താരം പറഞ്ഞു.

ഗെയിംസിൽ ഷൂട്ടിംഗ് നിലനിര്‍ത്താന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവുമായി മറ്റു രാജ്യങ്ങളിലെ താരങ്ങളും സമീപിക്കുന്നുണ്ട്. ഗെയിംസ് ബഹിഷ്കരിക്കണമെന്ന നിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ മറ്റ് കായികതാരങ്ങളെ നിര്‍ബന്ധിക്കാനാകില്ല. എങ്കിലും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും ഹീന സിദ്ദു അഭിപ്രായപ്പെട്ടു.