ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി ധരിക്കുന്നതിനെതിരെ വിവാദം ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ, കളിക്കാരുടെ അഭിപ്രായം തേടിയെന്നും നീല ടര്‍ഫിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് മാറ്റമെന്നും ഹോക്കി ഇന്ത്യ വിശദീകരിച്ചു.
ദില്ലി: ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജേഴ്‌സി ധരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദം. ആരാധകരുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. രാജ്യത്തിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌കിന്‍ഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഹോക്കിയുടെ ഐഡന്റിറ്റിയുമായി ദീര്‍ഘകാലമായി ഇഴചേര്‍ന്നുനില്‍ക്കുന്ന നീല നിറം മാറ്റിയത് ലജ്ജാകരമാണെന്നാണ് റാസ്‌കിന്‍ഹ വിമര്‍ശിച്ചത്.
വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ രംഗത്തെത്തി. കളിക്കാരുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സാങ്കേതികപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് ഫെഡറേഷന്റെ വിശദീകരണം. ''യൂണിഫോം കളര്‍ മാറ്റാനുള്ള തീരുമാനം കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശുപാര്‍ശകളുടെയും അവരുമായുള്ള വിശദമായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇതില്‍ പ്രധാന കാരണം സാങ്കേതികപരമാണ്. നിലവിലെ അന്താരാഷ്ട്ര ഹോക്കി ടര്‍ഫുകളുടെ സാധാരണ നിറം നീലയാണ്. അതിനാല്‍ നീല നിറത്തിലുള്ള ജേഴ്‌സി ആശയക്കുഴപ്പമുണ്ടാക്കും.'' ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
മറ്റ് പല നിറങ്ങളും പരിഗണിച്ച ശേഷമാണ് കാവി തിരഞ്ഞെടുത്തതെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു... ''കോച്ചുമാരുടെയും കളിക്കാരുടെയും നിര്‍ദ്ദേശപ്രകാരം മഞ്ഞ, കാവി തുടങ്ങിയ ബദല്‍ നിറങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം കാവി നിറം അന്തിമമായി തീരുമാനിക്കുകയായിരുന്നു. സാങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ധീരതയുടെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായ നമ്മുടെ ദേശീയ പതാകയിലെ നിറങ്ങളിലൊന്ന് എന്ന നിലയിലും കാവിക്ക് വലിയ പ്രാധാന്യമുണ്ട്.'' ഫെഡറേഷന്‍ വ്യക്തമാക്കി.
ദേശീയ ടീമിന്റെ ജേഴ്‌സി കളര്‍ മാറ്റുന്നത് ഇതാദ്യമല്ലെന്നും ഹോക്കി ഇന്ത്യ ഓര്‍മ്മിപ്പിച്ചു. 2014 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മഞ്ഞ ജേഴ്‌സി അണിഞ്ഞിട്ടുണ്ടെന്നും, പിന്നീട് 2018 ലെ ലോകകപ്പിനായി ആകാശ നീല നിറത്തിലേക്ക് മാറിയെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചു.
ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ
ഹോക്കി ലോകകപ്പിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ നിര്‍ണായക ഘട്ടത്തിലാണ് ഈ ജേഴ്‌സി വിവാദം. എഫ്‌ഐഎച്ച് പ്രോ ലീഗിലെ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ലോകകപ്പിനൊരുങ്ങുന്നത്. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍, 51 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടാമതൊരു പുരുഷ ഹോക്കി ലോകകപ്പ് കിരീടം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

