റിഷഭ് പന്തിന്‍റെ പോസ്റ്റ് ഇതുവരെ 2,46000 പേര്‍ ലൈക്ക് ചെയ്തപ്പോള്‍ 2,20000 പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 36000 പേരാണ് റിഷഭ് പന്തിന്‍റെ എക്സ് പോസ്റ്റ് ഇതുവരെ റി ട്വീറ്റ് ചെയ്തത്.
ദില്ലി: പാരീസ് ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് ഫൈനലിന് തൊട്ടു മുമ്പ് അയോഗ്യയായതിന്‍റെ നിരാശയിലും സങ്കടത്തിലുമായിരുന്നു ഇന്നലെ ഇന്ത്യ. ഇന്ന് പക്ഷെ നീരജ് ചോപ്രയിലൂടെ ഇന്ത്യ വീണ്ടുമൊരു സ്വർണം സ്വപ്നം കാണുകയാണ്. ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയാലും ഇന്ത്യയുടെ സങ്കടം മായ്ക്കാന്‍ കഴിയില്ലെങ്കിലും രാജ്യത്തിന്‍റെ നിരാശ കുറച്ചെങ്കിലും കുറയ്ക്കാൻ അതിന് കഴിയും. ഇതിനിടെ പാരീസില്‍ നീരജ് ഇന്ന് സ്വര്‍ണം നേടിയാല്‍ ആരാധകര്‍ക്ക് വന്‍ ഓഫറുമായി രംഗത്തു വന്നിരിക്കുരകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്.
എക്സ് പോസ്റ്റിലൂടെയാണ് റിഷഭ് പന്തിന്‍റെ പാരിതോഷിക പ്രഖ്യാപനം. പാരീസില്‍ നീരജ് ചോപ്ര സ്വർണം നേടിയാൽ എന്‍റെ ഈ ട്വീറ്റ് ലൈക്ക് ചെയ്യുകയും കൂടുതല്‍ കമന്‍റ് ഇടുകയും ചെയ്യുകയും ചെയ്യുന്നവരിലെ ഭാഗ്യശാലിക്ക് ഞാൻ 1,00,089 രൂപ സമ്മാനമായി നൽകും. ഇത് ഏറ്റവും കൂടുതല്‍ പേരിലെത്തിക്കുന്നവരില്‍ ആദ്യ 10 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കും. എന്‍റെ സഹോദരന് രാജ്യത്തിനകത്തു നിന്നും പുറത്ത് നിന്നും പിന്തുണ നേടാം എന്നായിരുന്നു റിഷഭ് പന്തിന്‍റെ എക്സ് പോസ്റ്റ്.
റിഷഭ് പന്ത് ഇന്നലെ ഇട്ട പോസ്റ്റ് ഇതുവരെ 2,46000 പേര്‍ ലൈക്ക് ചെയ്തപ്പോള്‍ 2,20000 പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 36000 പേരാണ് റിഷഭ് പന്തിന്‍റെ എക്സ് പോസ്റ്റ് ഇതുവരെ റി ട്വീറ്റ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 89.34 മീറ്റര്‍ ദൂരം താണ്ടി ഒന്നാമതെത്തിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ നിലവിലെ ഒളിംപിക് ചാമ്പ്യനായ നീരജ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കി.
ഇന്ന് ഇന്ത്യൻ സമയം രാത്രി 11.55നാണ് നീരജിന്‍റെ ജാവലിന്‍ ത്രോ ഫൈനല്‍ മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും.
