Asianet News MalayalamAsianet News Malayalam

കായിക കേരളത്തില്‍ ഇതിഹാസങ്ങളേറെ! പക്ഷേ, ഒന്നാമന്റെ പേര് ശ്രീജേഷ് എന്നായിരിക്കും

വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യന്‍ ഹോക്കിയില്‍ സമാനതകള്‍ ഇല്ലാത്തൊരു അധ്യായം കൂടിയാണ് പൂര്‍ണമാവുന്നത്.

indian hockey goal keeper sreejesh retired after won bronze medal match
Author
First Published Aug 8, 2024, 7:49 PM IST | Last Updated Aug 8, 2024, 7:49 PM IST

പാരീസ്: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിടപറുന്നത് ചരിത്ര നേട്ടത്തോടെ. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ട് വെങ്കലം സമ്മാനിച്ചാണ് ശ്രീജേഷ് ഇന്ത്യന്‍ ജേഴ്‌സി അഴിക്കുന്നത്. തുര്‍ച്ചയായി രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ശ്രീജേഷ് തന്നെ. ഇന്ന് സ്‌പെയ്‌നിനെതിരെ വെങ്കലപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. മിന്നുന്ന സേവുകളുമായി ശ്രീജേഷ് മത്സരത്തില്‍ കളം നിറഞ്ഞിരുന്നു. അവസാന നിമിഷം പെനാല്‍റ്റി കോര്‍ണറും അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി.  

വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യന്‍ ഹോക്കിയില്‍ സമാനതകള്‍ ഇല്ലാത്തൊരു അധ്യായം കൂടിയാണ് പൂര്‍ണമാവുന്നത്. മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യന്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്. ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തില്‍ നിന്നാണ് ശ്രീജേഷ് ലോകത്തോളം വളര്‍ന്ന് പന്തലിച്ചത്. തുടക്കം തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍. 2004ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍. 

ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ! ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍

രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ സീനിയര്‍ ടീമിലും.ഒരായിരം കൈകളുമായി ഗോള്‍മുഖത്ത് ശ്രീജേഷ് വന്‍മതില്‍ തീര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജനിക്കും അത് കാരണമായി. ഹോക്കിയില്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമുള്ള ഒളിംപിക്‌സ് വെങ്കലവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഉള്‍പ്പടെയുള്ള തിളക്കങ്ങള്‍ക്കും, ഇടനെഞ്ചില്‍ കുടിയിരുത്തിയ എണ്ണമറ്റ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ക്കും ഇന്ത്യ കടപ്പെട്ടിരിക്കുന്നത് മലയാളി ഗോള്‍കീപ്പറോടാണ്. നാല് ഒളിംപിക്‌സില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍കീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവല്‍ക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു. 

ആ മികവിന് രാജ്യം അര്‍ജുനയും പത്മശ്രീയും ഖേല്‍രത്‌നയും നല്‍കി ആദരിച്ചു. 20 വര്‍ഷത്തിനിപ്പുറം ഗോള്‍കീപ്പറുടെ പടച്ചട്ട അഴിക്കുമ്പോള്‍ ഒരുമലയാളിക്ക് എത്തിപ്പിടിക്കാവുന്നതിനും സ്വപ്നം കണാവുന്നതിനും അപ്പുറമുണ്ട് നേട്ടങ്ങള്‍ ശ്രീജേഷിന്റെ ശേഖരത്തില്‍., ഇതിഹാസതാരങ്ങള്‍ ഏറെയുണ്ട് കായിക കേരളത്തിന് അവരില്‍ ഒന്നാമന്റെ പേര് ഇനി പി ആര്‍ ശ്രീജേഷ് എന്നായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios