ഫൈനലില്‍ പാക് താരങ്ങളുടെ പ്രകോപനപരമായ നീക്കങ്ങള്‍ക്കിടയിലും ഏകാഗ്രത നഷ്ടമാകാതെ ടീമിനെ പ്രചോദിപ്പിച്ച് നിര്‍ത്തി നായകനായിരുന്നു ചരണ്‍ജിത്. ഫൈനലില്‍ പലപ്പോഴും ഇരു ടീമിലെയും കളിക്കാര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്തിനെത്തുടര്‍ന്ന്  മത്സരം നിരവധി തവണ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.

ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ്(Charanjit Singh ) വിടവാങ്ങി. ഹിമാചൽ പ്രദേശിലെ വീട്ടിൽ 90-ാം വയസില്‍ ആണ് അന്ത്യം. സംസ്കാരം വൈകീട്ട് ഹിമാചലിലെ ഉനായിൽ നടക്കും. 1964ലെ ടോക്കിയോ ഒളിംപിക്സ്(1964 Tokyo Olympics) ഫൈനലില്‍ പാക്കിസ്ഥാനെ വീഴ്ത്തി (India vs Pakistan) സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്‍റെ നായകനായതോടെയാണ് ചരണ്‍ജിത് സിംഗ് ഇതിഹാസ പദവിയിലെത്തിയത്.

1960ലെ റോം ഒളിംപിക്സില്‍ പാകിസ്ഥാന് മുന്‍പില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ ടീമിലെ സെന്‍റര്‍ ഹാഫ് ആയിരുന്നു ചരൺജിത്ത് സിംഗ്. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ അടിയറവ് പറഞ്ഞ മത്സരത്തില്‍ പരിക്കുമൂലം ചരണ്‍ജിത്തിന് പുറത്തിരിക്കേണ്ടിവന്നു. എന്നാല്‍ നാലു വര്‍ഷത്തിനുശേഷം ടോക്കിയോ ഒളിംപിക്സില്‍ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും ഹോക്കി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ചരണ്‍ജിത്തിന്‍റെ നേതൃത്വത്തിലിറങ്ങി ഇന്ത്യന്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് പാക്കിസ്ഥാനെ വീഴ്ത്തി പ്രതികാരം വീട്ടുകയായിരുന്നു.

ഫൈനലില്‍ പാക് താരങ്ങളുടെ പ്രകോപനപരമായ നീക്കങ്ങള്‍ക്കിടയിലും ഏകാഗ്രത നഷ്ടമാകാതെ ടീമിനെ പ്രചോദിപ്പിച്ച് നിര്‍ത്തി നായകനായിരുന്നു ചരണ്‍ജിത്. ഫൈനലില്‍ പലപ്പോഴും ഇരു ടീമിലെയും കളിക്കാര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്തിനെത്തുടര്‍ന്ന് മത്സരം നിരവധി തവണ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ടോക്കിയോയിലെ ഒമ്പത് മത്സരങ്ങളില്‍ ഒന്നില്‍ പോലും തോൽക്കാതെ ആയിരുന്നു ഇന്ത്യ സ്വര്‍ണം നേടിയത്.

1960ലെ ഒളിംപിക്സ് വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും 1962ലെ ഏഷ്യന്‍ ഗെയിംസ് വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും ചരണ്‍ജിത് അംഗമായി. അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. ഹോക്കിയില്‍ നിന്ന് വിരമിച്ചശേഷം ഹിമാചല്‍പ്രദേശിലെ ഷിംല യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

അഞ്ച് വര്‍ഷം മുമ്പ് പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് കിടപ്പിലായിരുന്നു അവസാന വര്‍ഷങ്ങളില്‍ ചരണ്‍ജിത് സിംഗ്. 12 വര്‍ഷം മുമ്പ് ഭാര്യ മരിച്ച ചരണ്‍ജിത് സിംഗിന് മൂന്ന് മക്കളുണ്ട്.