ആദ്യ വര്‍ഷത്തില്‍ ഭുവനേശ്വര്‍, റൂര്‍ക്കേല നഗരങ്ങളിലെ 90 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്

ഭുവനേശ്വര്‍: ഒളിംപിക് സ്വപ്‌നങ്ങളും പുത്തന്‍ കായികസംസ്‌കാരവും വളര്‍ത്തിയെടുക്കാനുള്ള ഒളിംപിക് വാല്യൂസ് എഡ്യൂക്കേഷണല്‍ പ്രോഗ്രാമിന്(Olympic Values Education Programm) രാജ്യത്ത് ആദ്യമായി ഒഡിഷയിലെ 90 സ്‌കൂളുകളില്‍ തുടക്കം. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെയും(International Olympic Committee) അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍റേയും(Abhinav Bindra Foundation) പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് ഒഡിഷയില്‍ ഇന്നാണ് തുടക്കമായത്. സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

'ഒഡിഷയിലെ വിദ്യാഭ്യാസരംഗത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കായികമേഖല. വിദ്യാഭ്യാസ-കായികമേഖലകളില്‍ മികവ് നേടാനാണ് എന്നും സംസ്ഥാനത്തിന്‍റെ പരിശ്രമം. ഇന്ത്യയിലാദ്യമായി ഒഡിഷയിലെ 90 സ്‌കൂളുകളില്‍ ഒളിംപിക് വാല്യൂസ് എഡ്യൂക്കേഷണല്‍ പ്രോഗ്രാമിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ ഒളിംപി‌ക് സ്വപ്‌നങ്ങളുടെ തുടക്കമാണിത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് നന്ദിയറിയിക്കുകയാണ്' എന്നും പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. 

നവീന്‍ പട്നായിക്കിന് പുറമെ ഒളിംപിക് എജ്യുക്കേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മൈക്കേല കൊജുവാങ്കോ ജാവോര്‍സ്‌കി, ഐഒസി അംഗം നിത അംബാനി, ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ധ്രുവ് ബത്ര, ഒളിംപിക് ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ചേഞ്ച് ഡയറക്ടര്‍ ആഞ്ജലിറ്റ ടിയോ, ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര, എസ് ആന്‍ഡ് എംഇ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭിഷ്ണുപാദ സേഥി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ആദ്യ വര്‍ഷത്തില്‍ ഭുവനേശ്വര്‍, റൂര്‍ക്കേല നഗരങ്ങളിലെ 90 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 32,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ഉപയോഗപ്പെടുക. വരും വര്‍ഷങ്ങളില്‍ ഏഴ് ദശലക്ഷം കുട്ടികളിലേക്ക് ഒളിംപിക് വാല്യൂസ് എഡ്യൂക്കേഷണല്‍ പ്രോഗ്രാം വ്യാപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കായികപരമായ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സാമൂഹികവും വൈജ്ഞാനികവും ശാരീരികവുമായ കഴിവുകള്‍ നേടാനും കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒളിംപിക് സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ പദ്ധതി സഹായിക്കും. 

ഒളിംപിക് വാല്യൂസ് എഡ്യൂക്കേഷണല്‍ പ്രോഗ്രാം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍