ലിസ്ബണ്‍: ഫോര്‍മുല വണ്‍ റൈസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ഗ്രാന്‍റ് പ്രീ വിജയങ്ങള്‍ എന്ന റെക്കോഡ് സ്വന്തമാക്കി ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ഡ്രൈവിംഗ് ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്‍റെ 91 ഗ്രാന്‍റ് പ്രീ വിജയങ്ങള്‍ എന്ന റെക്കോഡാണ് മെര്‍സിഡസിന്‍റെ ഡ്രൈവറായ ലൂയിസ് ഹാമില്‍ട്ടണ്‍ തന്‍റെ 92മത്തെ കരിയര്‍ ഗ്രാന്‍റ് പ്രീ വിജയത്തോടെ സ്വന്തമാക്കിയത്.

പോര്‍ച്ചുഗല്‍ ഗ്രാന്‍റ് പ്രീയില്‍ വിജയിച്ചാണ് ഹാമില്‍ട്ടന്‍റെ നേട്ടം. ബ്രിട്ടീഷ് ഡ്രൈവറായ  ഹാമില്‍ട്ടണ്‍ ഒക്ടോബര്‍ 11ന് നടന്ന ജര്‍മ്മനിയിലെ ന്യൂബെര്‍ഗിലെ ഇംഫല്‍ ഗ്രാന്‍റ് പ്രീയില്‍ തന്നെ ജര്‍മ്മന്‍ ഡ്രൈവിംഗ് ഇതിഹാസം ഷുമാക്കറിന്‍റെ റെക്കോഡിനൊപ്പം എത്തിയിരുന്നു.  2007ലെ കനേഡിയന്‍ ഗ്രാന്‍റ് പ്രീയില്‍ വിജയിച്ചാണ് ഹാമില്‍ട്ടണ്‍ എഫ്1 മത്സരയോട്ടത്തിന്‍റെ തന്‍റെ വിജയ പന്തയങ്ങള്‍ക്ക് തുടക്കമിട്ടത്. 2006ലായിരുന്നു ഷുമാക്കറിന്‍റെ അവസാനത്തെ ഗ്രാന്‍റ് പ്രീ വിജയം.

ഇത്തവണ പോള്‍ പൊസിഷന്‍ പിടിച്ചാണ് ഹാമില്‍ട്ടണ്‍ പോര്‍ച്ചുഗല്‍ ഗ്രാന്‍റ് പ്രീ നടന്ന അല്‍ഗ്രാവ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തന്‍റെ മത്സര ഓട്ടം തുടങ്ങിയത്.