ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറാണ് പ്രിയങ്കയുടെ സ്വദേശം. സാമ്പത്തിക പ്രയാസമുളള കുടുംബത്തില്‍ നിന്നാണ് താരത്തിന്റെ വരവ്. അച്ഛന്‍ ബസ് കണ്ടക്ടറായിട്ടാണ് ജോലി ചെയ്യുന്നത്.

മീററ്റ്: ഒളിംപ്യന്‍ പ്രിയങ്ക ഗോസ്വാമിക്ക് നല്‍കിയ വാക്ക് പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20 കിലോ മീറ്റര്‍ നടത്തില്‍ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ താരമായിരുന്നു പ്രിയങ്ക. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറാണ് പ്രിയങ്കയുടെ സ്വദേശം. സാമ്പത്തിക പ്രയാസമുളള കുടുംബത്തില്‍ നിന്നാണ് താരത്തിന്റെ വരവ്. അച്ഛന്‍ ബസ് കണ്ടക്ടറായിട്ടാണ് ജോലി ചെയ്യുന്നത്. 

ഒരിക്കല്‍ കാണുമെന്നും സമ്മാനം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിക്ക് തറക്കല്ലിടാനെത്തിയപ്പോള്‍ മോദി നല്‍കിയ വാക്ക് പാലിച്ചു. പ്രിയങ്കയെ നേരില്‍ കണ്ട മോദി, അവരുടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. മറ്റു ഒളിംപ്യന്മാര്‍ക്കൊപ്പവും സമയം ചെലവഴിച്ച മോദി പ്രാതലും കഴിച്ചു.

കായിക സര്‍വകലാശാല മേജര്‍ ധ്യാന്‍ചന്ദിന് (Major Dhyan Chand) സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയില്‍ ലക്ഷ്യമിടുന്നു.

സിന്തറ്റിക് ഹോക്കി മൈതാനം, ഫുട്‌ബോള്‍ മൈതാനം, ബേസ്ബോള്‍, വോളിബോള്‍, ഹാന്‍ഡ്ബോള്‍, കബഡി, ടെന്നീസ് കോര്‍ട്ടുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, സൈക്ലിംഗ് ട്രാക്ക്, മള്‍ട്ടിപര്‍പ്പര്‍ ഹാള്‍, ഷൂട്ടിംഗ്, സ്‌ക്വാഷ്, ഭാരോദ്വഹനം, ആര്‍ച്ചറി, കയാക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് യൂണിവേഴ്സിറ്റിയില്‍ ഒരുക്കുക. 540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യം സര്‍വകലാശാലയിലുണ്ടാവും.