Asianet News MalayalamAsianet News Malayalam

കായിക സൗഹൃദ ഇന്ത്യക്കായി കൈകോര്‍ത്ത് മേരി കോമും സുനിൽ ഛേത്രിയും വിരാട് കോലിയും

ഇന്ത്യയില്‍ സ്‌പോർട്‌സും ഫിറ്റ്‌നസും ഒരു ജീവിതശൈലിയായി പിന്തുടരാനുള്ള പ്രചോദനത്തിന്‍റെ അഭാവമുണ്ടെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. സൗകര്യങ്ങളുടെ അഭാവം, ഉയർന്ന ചിലവ് തുടങ്ങിയവയാണ് കായിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള മറ്റ് വെല്ലുവിളികളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Mary Kom and Sunil Chhetri bat for a sports-friendly India
Author
First Published Mar 28, 2023, 2:11 PM IST

ദില്ലി: ഇന്ത്യയിലെ കുട്ടികൾക്കും മുതിർന്നവർക്കും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ മതിയായ പ്രചോദനമില്ലെന്ന പ്യൂമ-നീല്‍സണ്‍ റിപ്പോർട്ട്  പുറത്തുവന്നതിന് പിന്നാലെ കായിക സൗഹൃദ ഇന്ത്യക്കായി മുന്നിട്ടിറങ്ങി ബോക്സിംഗ് താരം മേരി കോമും ഫുട്ബോള്‍ താരം സുനിൽ ഛേത്രിയും. ആഴ്ചയില്‍ ശാശരി101 മിനിറ്റ് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കുട്ടകിള്‍ ആഴ്ചയില്‍ ശരാശരി 86 മിനിറ്റ് മാത്രമാണ് കായിക അധ്വാനമുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും പ്യൂമ ഇന്ത്യയും നീൽസൻ സ്‌പോർട്‌സും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ സ്‌പോർട്‌സും ഫിറ്റ്‌നസും ഒരു ജീവിതശൈലിയായി പിന്തുടരാന്‍ പ്രചോദനത്തിന്‍റെ അഭാവമുണ്ടെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. സൗകര്യങ്ങളുടെ അഭാവം, ഉയർന്ന ചിലവ് തുടങ്ങിയവയാണ് കായിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള മറ്റ് വെല്ലുവിളികളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പതിവായി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന മുതിർന്നവർ പൊതുവെ മറ്റുള്ളവരേക്കാൾ 21% ശുഭപ്രതീക്ഷകള്‍ പ്രകടിപ്പിക്കാൻ സാധ്യതയുള്ളവരാണെന്നും റിപ്പോർട്ട് കണ്ടെത്തിയിരുന്നു.

കുട്ടികളുടെ ക്ഷേമത്തിന് കായികവും ഫിറ്റ്‌നസ് പ്രവർത്തനങ്ങളും പ്രധാനമാണെന്ന് മേരി കോം പറഞ്ഞു. ഇന്നത്തെ തിരക്കേറിയ ജീവിതം കണക്കിലെടുക്കുമ്പോൾ, സ്പോർട്സ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാകണമെന്ന് എനിക്ക് തോന്നുന്നു. ഫിറ്റ്നസ് നിലനിര്‍ത്താൻ ഓരോ ഇന്ത്യക്കാരനെയും ദിവസവും ഒരു കായിക വിനോദത്തിലെങ്കിലും ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് തന്‍റെ ചുമതലയെന്ന് മേരി കോം പറഞ്ഞു.

Mary Kom and Sunil Chhetri bat for a sports-friendly India

നമ്മുടെ പാഠ്യപദ്ധതിയില്‍ ഗണിതം, ശാസ്ത്രം, ഭൂമിശാസ്ത്രം, കായികം എന്നിവയെ പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തിൽ തുല്യമായി പരിഗണിക്കുന്ന ദിവസം, നമ്മൾ ഒരു മാറ്റം കണ്ടു തുടങ്ങുമെന്ന് ഫുട്ബോള്‍ താരം സുനില്‍ ഛേത്രി പറഞ്ഞു. ആഴ്‌ചയിൽ ഒരു പി ടി പിരീയഡ് ഉപയോഗിച്ച് കായികമായി നമുക്ക് മെച്ചപ്പെടാന്‍ പരിമിതിയുണ്ടെന്നും സ്‌പോർട്‌സിനെ ഒരു പഠന വിഷയമായി തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും ഛേത്രി വ്യക്തമാക്കി.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ഗൗരവമുള്ള കരിയര്‍ സാധ്യത എന്ന നിലയിലും ഇനി  ഇത് ഒന്നുമല്ലെങ്കിലും എല്ലാ മേഖലയിലും മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കുന്നതിനെങ്കിലും സ്പോര്‍ട്സ് നിങ്ങളെ സഹായിക്കുമെന്നും ഛേത്രി വ്യക്തമാക്കി. ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നത് ജയിക്കാന്‍ വേണ്ടി മാത്രമല്ലെന്നും മത്സരിക്കാനും, ശാരീരികക്ഷമത നിലനിര്‍ത്താനും കൂടിയാണെന്നും അതുകൊണ്ട് വെറുതെ കളിക്കണമെന്നും ഒരു പാഠപുസ്തകവും ഒരിക്കലും പഠിപ്പിക്കാത്ത പാഠങ്ങൾ ഇത് നിങ്ങളെ പഠിപ്പിക്കുമെന്നും ഛേത്രി പറഞ്ഞു.

ഇന്ത്യയിലെ 16 നഗരങ്ങളിലായി 18-65 വയസ് പ്രായമുള്ള (6-18 വയസ്സിനിടയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ)  4280 പേരെ പങ്കെടുപ്പിച്ചാണ് പ്യൂമ-നീല്‍സണ്‍ സര്‍വെ നടത്തിയത്. പുതിയ കാമ്പെയ്‌നിന് കീഴിൽ, പ്യൂമ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോലി, എംസി മേരി കോം, സുനിൽ ഛേത്രി, അവനി ലേഖര, ഭഗവാനി ദേവി, മറ്റ് കായികതാരങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കായികവിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന വിഡിയോയയും പ്യൂമ പുറത്തിറക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios