ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള അക്രമത്തില്‍ യുഎസ് ഓപ്പണ്‍ വേദിയിലും പ്രതിഷേധമറിയിച്ച് വനിത ടെന്നിസ് താരം നവോമി ഒസാക. നേരത്തെ, വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണില്‍ നിന്നും ഒസാക പിന്മാറിയിരുന്നു. സെമിയിലെത്തിയ ശേഷമായിരുന്നു ഒസാക്കയുടെ പിന്മാറ്റം. ഇതിന് പിന്നാലെയാണ് യുഎസ് ഓപ്പണ്‍ വേദിയിലും ഒസാക്ക വേറിട്ട ശബ്ദമാകുന്നത്.

ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്ത വര്‍ഗക്കാരനു നേരെ അമേരിക്കന്‍ പൊലീസ് ഏഴ് തവണ വെടിയുതിര്‍ത്തതില്‍ താരം പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഏഴ് മാസ്‌ക്കുകളില്‍ പോലീസ് ക്രൂരതക്ക് ഇരയായവരുടെ പേര് എഴുതി ആയിരുന്നു ഒസാക്ക കളത്തിലെത്തിയത്. മത്സരശേഷം വംശീയതക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു. ''ഇവിടെ നടക്കുന്ന സംഭവങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പേരുകള്‍ രേഖപ്പെടുത്താന്‍ ഏഴ് മാസ്‌ക്കുകള്‍ മതിയാവില്ല. ഞാന്‍ ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ആക്രമണത്തിനിരയായ വ്യക്തികളുടെ പേരുകള്‍ മുഴുവന്‍ ഞാന്‍ പുറത്തുവിടും.'' ഒസാക പറഞ്ഞു.

ആദ്യറൗണ്ട് മത്സരത്തിനാണ് ഒസാക ഇറങ്ങിയത്. ജാപ്പനീസ് താരം മിസാക്കി ഡോയിക്കെതിരായ മത്സരം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഒസാക സ്വന്തമാക്കി. 6-2, 5-7, 6-2 എന്ന സ്‌കോറിനായിരുന്നു ഒസാകയുടെ ജയം. ടൂര്‍ണമെന്റിലെ നാലാം സീഡായ ഒസാക 2018ലെ യുഎസ് ഓപ്പണ്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒസാകയ്ക്കായിരുന്നു കിരീടം. പൂര്‍ണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലാത്ത ഒസാക നേരത്തെ സിന്‍സിനാറ്റി ഫൈനലില്‍ നിന്നു വിട്ടുനിന്നിരുന്നു.

അതേസമയം അമേരിക്കയുടെ യുവ താരം കൊകോ ഗൗഫ് ആദ്യ റൗണ്ടില്‍ പുറത്തായി. 31 സീഡ് സെവസ്‌റ്റോയ്ക്ക് മുന്നിലായിരുന്നു ഗൗഫിന്റെ തോല്‍വി. സ്‌കോര്‍ 6-3, 5-7, 6-4. പുരുഷ വിഭാഗത്തില്‍ നോവാക് ജോക്കോവിച്ച്, ഡേവിഡ് ഗോഫിന്‍ തുടങ്ങിയ പ്രമുഖരെല്ലാ രണ്ടാം റൗണ്ടില്‍ കടന്നു.