ജൂനിയർ ഹോക്കി ലോകകപ്പിൽ പാകിസ്ഥാൻ മത്സരിക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഏഷ്യാനെറ്റ് ന്യൂസിനോട്

ചെന്നൈ: പാക് ഹോക്കി ടീം ഇന്ത്യയിലേക്ക്. ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ പാകിസ്ഥാൻ മത്സരിക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരുമായി സംസാരിക്കുമെന്നും ഭോലാനാഥ് സിംഗ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നവംബറിലാണ് ജൂനിയർ ഹോക്കി ലോകകപ്പ് തുടങ്ങുന്നത്. പഹൽഗാം ഭീകരക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരിക്കേയാണ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാൻ ടീമിന്‍റെ സന്ദർശനം സംഘാടകര്‍ ഉറപ്പാക്കുന്നത്. അതേസമയം കൂടുതൽ ആരാധകരുള്ള ക്രിക്കറ്റിൽ കടുത്ത നിലപാട് ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിച്ചുവരുന്നത്. 

24 ടീമുകളാണ് ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ മത്സരിക്കുന്നത്. ഇതാദ്യമായാണ് 24 ടീമുകള്‍ ലോകകപ്പിന്‍റെ ഭാഗമാകുന്നത്. കഴിഞ്ഞ എഡിഷനില്‍ എട്ട് ടീമുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ജൂണ്‍ 25ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനില്‍ ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്‍റെ നറുക്കെടുപ്പ് നടക്കും. റാങ്കിംഗ് അടിസ്ഥാനത്തില്‍ ജര്‍മ്മനി (പൂള്‍ എ), ഇന്ത്യ (പൂള്‍ ബി), അര്‍ജന്‍റീന (പൂള്‍ സി), സ്പെയിന്‍ (പൂള്‍ ഡി), നെതര്‍ലന്‍ഡ്‌സ് (പൂള്‍ ഇ), ഫ്രാന്‍സ് (പൂള്‍ എഫ്‌) എന്നിവര്‍ സീഡഡ് ടീമുകളാണ്. പോട്ട് ഒന്നില്‍ ബെല്‍ജിയം, ഓസ്ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലന്‍ഡ് ടീമുകളും പോട്ട് രണ്ടില്‍ കൊറിയ, കാനഡ, ഈജിപ്‌ത്, ഇംഗ്ലണ്ട്, ജപ്പാന്‍, ചിലി ടീമുകളും പോട്ട് മൂന്നില്‍ ഓസ്ട്രിയ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ചൈന, നമീബിയ ടീമുകളുമാണുള്ളത്.

തമിഴ്നാട്ടില്‍ ചെന്നൈയിലും മധുരൈയിലുമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് ജൂനിയര്‍ ഹോക്കി ലോകകപ്പ് നടക്കുക. ലോകകപ്പിന്‍റെ ലോഗോ കായിക വകുപ്പിന്‍റെ കൂടി ചുമതയുള്ള തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നിർവഹിച്ചു. 65 കോടി രൂപ ടൂർണമന്‍റ് നടത്തിപ്പിനായി അനുവദിച്ചതായി ഉദയനിധി പറഞ്ഞു. സെമിഫൈനലും ഫൈനലും ചെന്നൈയിൽ നടക്കും. പി.ആർ ശ്രീജേഷ്‌ ഇന്ത്യൻ പരിശീലകൻ ആയതിന് ശേഷമുള്ള ആദ്യ ലോകകപ്പ് ആണിത്. 

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News