Asianet News MalayalamAsianet News Malayalam

ഒളിംപിക്സിനിടെ നടത്തിയത് ഗുരുതര അച്ചടക്കലംഘനം; അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കും

വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ അന്തിമിലായിരുന്നു പാരീസില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ.

Paris Olympics 2024: Wrestler Antim Panghal to be banned for three years by IOA
Author
First Published Aug 8, 2024, 4:04 PM IST | Last Updated Aug 8, 2024, 4:04 PM IST

പാരീസ്: പാരീസ് ഒളിംപിക്സിനിടെ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഇന്ത്യൻ വനിതാ ഗുസ്തി താരം അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ തീരുമാനിച്ചു.അച്ചടക്കലംഘനത്തെത്തുടര്‍ന്ന് അന്തിം പംഗലിനെ ഇന്നലെ തന്നെ പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിരന്നു. ഇതിന് പിന്നാലെയാണ് വിലക്കും വരുന്നത്.53 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ അന്തിം പംഗല്‍ എതിരാളിയായ തുര്‍ക്കി താരം യെറ്റ്‌ഗില്‍ സൈനെപ്പിനെതിരെ പ്രതിരോധമില്ലാതെ തോറ്റ് പുറത്തായിരുന്നു. വെറും 101 സെക്കന്‍ഡില്‍ 0-10നായിരുന്നു അന്തിമിന്‍റെ തോല്‍വി. 53 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ആദ്യം ഒളിംപിക് യോഗ്യത നേടിയ താരമാണ് അണ്ടര്‍ 20 ലോക ചാമ്പ്യൻ കൂടിയായ അന്തിം പംഗല്‍.

വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ അന്തിമിലായിരുന്നു പാരീസില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ദയനീയ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ അനുമതിയില്ലാതെ സഹോദരിയെ ഒളിംപിക് വില്ലേജില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിന് അന്തിമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഒളിംപിക്സിലെ ഇന്ത്യൻ സംഘത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചത് ഇന്ത്യക്ക് നാണക്കേടായിരന്നു. മത്സരശേഷം ഒളിംപിക് വില്ലേജിലേക്ക് പോകാതെ നേരെ ഹോട്ടലിലേക്ക് പോയ അന്തിം കോച്ച് ഭഗത് സിംഗിനെയും പരിശീലന പങ്കാളിയായ വികാസിനെയും കണ്ടു.

ഫൈനലിന് മുമ്പ് പിന്‍മാറിയിരുന്നെങ്കിൽ വിനേഷിന് വെള്ളി മെഡൽ കിട്ടുമായിരുന്നോ?; നിയമത്തിൽ പറയുന്നത്

അവിടെ നിന്ന് തന്‍റെ അക്രഡിറ്റേഷന്‍ കാര്‍ഡ് സഹോദരിക്ക് കൈമാറിയശേഷം ഒളിംപിക് വില്ലേജില്‍ ചെന്ന് തന്‍റെ പരിശീലന സാമഗ്രികള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞുവിടുകയായിരുന്നു.ഗെയിംസ് വില്ലേജിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്തിമിന്‍റെ സഹോദരിയെ തടഞ്ഞുവെച്ച് ഇന്ത്യൻ അധികൃതരെ വിവരമറിയിച്ചത്.ഇതിന് പിന്നാലെയാണ് അന്തിമിന്‍റെ സംഘത്തെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ താരുമാനിച്ചത്. അനധികൃതമായി ഗെയിംസ് വില്ലേജില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്തിമിന്‍റെയും സഹോദരിയുടെയും മൊഴിയെടുത്തിരുന്നു.ഇതിന് പിന്നാലെ അന്തിമിനെും പരിശീലക സംഘത്തെയും നാട്ടിലേക്ക് അയച്ചു. ഇതിന് പിന്നാലെയാണ് വിലക്കും വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ

 

Latest Videos
Follow Us:
Download App:
  • android
  • ios