Asianet News MalayalamAsianet News Malayalam

മില്‍ഖാ സിംഗ് വീണ്ടും ആശുപത്രിയില്‍; ആരോഗ്യവിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി

മെയ് 20 മുതല്‍ കൊവിഡ് പ്രശ്‌നങ്ങള്‍ മില്‍ഖാ സിംഗിനെ അലട്ടുകയാണ്. ആദ്യം വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദേഹം.

PM Narendra Modi inquires Olympian Milkha Singhs health
Author
Delhi, First Published Jun 4, 2021, 11:25 AM IST

ദില്ലി: ആശുപത്രിയില്‍ കഴിയുന്ന അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന്‍റെ ആരോഗ്യവിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകളെ അനുഗ്രഹിക്കാനും പ്രചോദിപ്പിക്കാനും മില്‍ഖാ സിംഗ് വേഗം രോഗമുക്തനാകട്ടെയെന്ന് മോദി ആശംസിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. 

91 വയസുകാരനായ മില്‍ഖാ സിംഗിനെ മെയ് 20 മുതല്‍ കൊവിഡ് പ്രശ്‌നങ്ങള്‍ അലട്ടുകയാണ്. ആദ്യം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദേഹം. പിന്നാലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ആഭ്യര്‍ഥന പരിഗണിച്ച് ഡിസ്‌ചാര്‍ജ് ചെയ്തു. എന്നാല്‍ വീണ്ടും ഓക്‌സിജന്‍റെ അളവില്‍ കുറവ് വന്നതോടെ ചണ്ഡീഗഢിലെ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാത്രിയോടെ മില്‍ഖായെ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വ്യാഴാഴ്‌ച രാത്രി പുറത്തുവന്ന വിവരം. 

ഓക്‌സിജന്‍ അളവ് താഴ്‌ന്നതിനെ തുടര്‍ന്ന് മില്‍ഖാ സിംഗിന്‍റെ പത്നി നിര്‍മല്‍ കൗറും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നിര്‍മലും നേരത്തെ കൊവിഡ് നെഗറ്റീവായിരുന്നു. വീട്ടിലെ ജോലിക്കാരില്‍ ഒരാളില്‍ നിന്നാണ് മില്‍ഖാ സിംഗിന് കൊവിഡ് പിടിപെട്ടത് എന്നാണ് സൂചന. 

'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്. രാജ്യം 1958ല്‍ പദ്‌മശ്രീ നല്‍കി ആദരിച്ചു.

കൊവിഡ് മുക്തനായ മിൽഖാ സിം​ഗ് ആശുപത്രി വിട്ടു

ഒളിംപ്യന്‍ മില്‍ഖാ സിംഗിന് കൊവിഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios