Asianet News MalayalamAsianet News Malayalam

വിംബിള്‍ഡണ്‍: സാനിയ- ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടില്‍, സിലിച്ചിന്റെ വെല്ലുവിളി അതിജീവിച്ച് മെദ്‌വദേവ്

റോജര്‍ ഫെഡറര്‍, അലക്‌സാണ്ടര്‍ സ്വെരേവ് തുടങ്ങിയ പ്രമുഖരും മൂന്നാം റൗണ്ട് കടന്നിരുന്നു. വനിതകളില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി, ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രെജ്‌സിക്കോവ തുടങ്ങിവരും നാലാം റൗണ്ടിലേക്ക് മുന്നേറി. 

Sania Mirza and Bopanna into the third round of Wimbledon
Author
London, First Published Jul 4, 2021, 3:12 AM IST

ലണ്ടന്‍: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- സാനിയ മിര്‍സ സഖ്യം വിബിംള്‍ഡണ്‍ മിക്‌സ്ഡ് ഡബിള്‍സിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ വെബ്ലി സ്മിത്ത്- മക്ഹ്യൂഗ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ മരീന്‍ സിലിച്ചിനെ മറികടന്ന് രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ് അവസാന പതിനാറിലെത്തി. നേരത്തെ റോജര്‍ ഫെഡറര്‍, അലക്‌സാണ്ടര്‍ സ്വെരേവ് തുടങ്ങിയ പ്രമുഖരും മൂന്നാം റൗണ്ട് കടന്നിരുന്നു. വനിതകളില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി, ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രെജ്‌സിക്കോവ തുടങ്ങിവരും നാലാം റൗണ്ടിലേക്ക് മുന്നേറി. 

ബ്രിട്ടീഷ് സഖ്യത്തിനെതിരെ ആധികാരികമായിരുന്നു സാനിയ- ബൊപ്പണ്ണ സഖ്യത്തിന്റെ ജയം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിരാളിക്ക് അവസരം നല്‍കിയില്ല. ആദ്യ സെറ്റ് 6-3നും രണ്ടാം സെറ്റ് 6-1നുമാണ് ഇന്ത്യന്‍ ജോഡി സ്വന്തമാക്കിയത്. നേരത്തെ വനിത ഡബിള്‍സില്‍ സാനിയ പുറത്തായിരുന്നു. അമേരിക്കയുടെ ബെതാനി മറ്റേക്-സാന്‍ഡ്‌സായിരുന്നു സാനിയയുടെ പങ്കാളി. രണ്ടാം റൗണ്ടില്‍ റഷ്യന്‍ ജോഡി എലേന വെസ്‌നിന- വെറോണിക്ക കുഡര്‍മെറ്റോവ സഖ്യത്തോടാണ് ഇന്തോ- അമേരിക്കന്‍ സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 6-3.

2017ലെ റണ്ണേഴ്‌സ് അപ്പായ സിലിച്ചിനെതിരെ ആദ്യ രണ്ട് സെറ്റില്‍ പിന്നിലായ ശേഷമാണ് മെദ്‌വദേവ് തിരിച്ചെത്തിയത്. സ്‌കോര്‍ 7-6, 6-3, 3-6, 3-6, 2-6. ബ്രീട്ടീഷ് താരം കാമറോണ്‍ നോറീയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 5-7, 6-4. ആദ്യ രണ്ട് സെറ്റിലും 25-കാരനെ തീര്‍ത്തും കാഴ്ച്ചക്കാരനാക്കിയ ഫെഡറര്‍ക്ക് മൂന്നും നാലും സെറ്റില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. നാലാം സെറ്റില്‍ നോറീയുടെ സര്‍വീസ് ഭേദിച്ച് സെറ്റ് സ്വന്തമാക്കി. സ്വെരേവ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ജര്‍മനിയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 4-6, 3-6, 6-7. 

ഓസ്‌ട്രേലിയന്‍ താരം താരം നിക് കിര്‍ഗ്യോസ് പിന്‍മാറിയതോടെയാണ് കാനഡയുടെ ഫെലിക്‌സിന് അവസാന പതിനാറില്‍ ഇടം ലഭിച്ചത്. ഇറ്റലിയുടെ സൊനെഗോ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയുടെ ജയിംസ് ഡക്ക്‌വര്‍ത്തിനെ മറികടന്നു. സ്‌കോര്‍ 6-3 6-4 6-4. ഇറ്റലിയുടെ മറ്റൊരു താരം ബരേറ്റിനി 6-4 6-4 6-4ന് സ്ലോവേനിയയുടെ അല്‍ജാസിനെ മറികടന്നു. വനിതകളില്‍ അമേരിക്കന്‍ താരം ഗൗഫ് സ്ലോവേനിയയുടെ കജ യുവാനെ തകര്‍ത്തു. സ്‌കോര്‍ 3-6 3-6. കെര്‍ബര്‍ ബലാറസിന്റെ അലക്‌സാണ്ട്ര സാന്‍സോവിച്ചിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-0, 6-1. ഓസ്‌ട്രേലിയന്‍ താരം ബാര്‍ട്ടി 6-3, 7-5ന് കാതറീന സിനിയകോവയെ തകര്‍ത്തു.

Follow Us:
Download App:
  • android
  • ios