റോം ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ 92.62 മീറ്റര്‍ ദൂരം എറിഞ്ഞ് ശ്രീലങ്കയുടെ റുമേഷ് പതിരഗെ സ്വര്‍ണം നേടി. ഈ ചരിത്ര നേട്ടത്തോടെ, 90 മീറ്റര്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ഏഷ്യന്‍ താരമായി അദ്ദേഹം മാറി. 

റോം: ലോക ജാവലിന്‍ ത്രോ ഭൂപടത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് ശ്രീലങ്കയുടെ യുവതാരം റുമേഷ് തരംഗ പതിരഗെക്ക്. റോം ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടിയാണ് റുമേഷ് ലോകത്തെ ഞെട്ടിച്ചത്. വ്യാഴാഴ്ച 92.62 മീറ്റര്‍ ദൂരത്തേക്കാണ് 23കാരനായ താരം ജാവലിന്‍ എറിഞ്ഞത്. ഇതോടെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ എന്ന മാന്ത്രിക ദൂരം പിന്നിടുന്ന നാലാമത്തെ മാത്രം ഏഷ്യന്‍ താരമെന്ന ബഹുമതി റുമേഷ് സ്വന്തമാക്കി. ചൈനീസ് തായ്പേയിയുടെ ചെങ് ചാവോ-സുന്‍ (91.36 മീറ്റര്‍), പാകിസ്ഥാന്റെ അര്‍ഷാദ് നദീം (92.97 മീറ്റര്‍), ഇന്ത്യയുടെ നീരജ് ചോപ്ര (90.23 മീറ്റര്‍) എന്നിവരടങ്ങുന്ന പ്രമുഖരുടെ നിരയിലാണ് താരം ഇടംപിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജാവലിന്‍ ത്രോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 21-ാമത്തെ പ്രകടനമാണ് റുമേഷ് റോമില്‍ പുറത്തെടുത്തത്. 1996ല്‍ 98.48 മീറ്റര്‍ എറിഞ്ഞ് ലോകറെക്കോര്‍ഡ് സ്ഥാപിച്ച ജാന്‍ സെലസ്‌നിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍. മികച്ച ഫോമിലാണ് റുമേഷ് റോമിലേക്ക് എത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ദിയാഗമയില്‍ നടന്ന മത്സരത്തില്‍ 89.37 മീറ്റര്‍ ദൂരം കണ്ടെത്തി ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം താരം കുറിച്ചിരുന്നു. അവിടെ നടന്ന ചാമ്പ്യന്‍സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തിലും 90 മീറ്ററിനടുത്ത് താരം എത്തിയിരുന്നു.

അര്‍ഷാദ് നദീം, നീരജ് ചോപ്ര എന്നിവരുടെ അസാന്നിധ്യത്തില്‍ പത്തുപേരടങ്ങിയ ശക്തമായ പോരാട്ടത്തിലാണ് റോമില്‍ റുമേഷ് മാറ്റുരച്ചത്. തന്റെ രണ്ടാം ശ്രമത്തില്‍ തന്നെ മീറ്റ് റെക്കോര്‍ഡോടെ താരം ദൂരം കണ്ടെത്തി. തുടര്‍ന്നുള്ള നാല് ശ്രമങ്ങളും ഫൗളായെങ്കിലും, മറ്റ് ഒന്‍പത് മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും തന്നെ 85 മീറ്റര്‍ പോലും മറികടക്കാനായില്ല. മുന്‍ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 83.89 മീറ്ററോടെ രണ്ടാം സ്ഥാനം നേടി.

ആരാണ് റുമേഷ് പതിരഗെ?

കായികപാരമ്പര്യമുള്ള കുടുംബമാണെങ്കിലും, ഭൂരിഭാഗം ശ്രീലങ്കന്‍ യുവാക്കളെയും പോലെ റുമേഷും ആദ്യം ഇഷ്ടപ്പെട്ടത് ക്രിക്കറ്റിനെയായിരുന്നു. അണ്ടര്‍ 18 തലത്തില്‍ കളിക്കുമ്പോള്‍ തന്നെ മണിക്കൂറില്‍ 134 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നു. ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെ അപരനായ ഇഷാന്‍ മലിംഗയെ കണ്ടെത്തിയ പ്രശസ്തമായ ദേശീയ ഫാസ്റ്റ് ബോളിങ് ടാലന്റ് ഹണ്ടില്‍, തന്റെ വിഭാഗത്തില്‍ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ ബൗളറായി റുമേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊളംബോയിലെ സെന്റ് പീറ്റേഴ്‌സ് കോളേജിനായി കളിച്ച ഏക മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്ത് താരം തിളങ്ങി.

എന്നാല്‍ ക്രിക്കറ്റില്‍ നിന്നും റുമേഷ് ജാവലിനിലേക്ക് കരിയര്‍ മാറ്റുകയായിരുന്നു. ''ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകളും കടുത്ത മത്സരവുമുണ്ട്. അതൊരു ടീം ഇനമാണ്. ദേശീയ ടീമിലെത്താന്‍ കേവലം പ്രതിഭ മാത്രം പോരാ. എന്നാല്‍ ജാവലിനില്‍ എനിക്ക് കഴിവുണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അംഗീകരിക്കപ്പെടും.'' റുമേഷ് പറയുന്നു.

YouTube video player