തന്‍റെ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ചേറ്റ ഈ പരാജയം കനത്ത തിരിച്ചടിയായി.

ഓസ്ലോ: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിൽ, കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസ്സിൽ കാൾസനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയായി പ്രഗ്നാനന്ദ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്‍റെ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ചേറ്റ ഈ പരാജയം കനത്ത തിരിച്ചടിയായി. കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജയത്തോടെ 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ ടൂർണമെന്‍റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ കിരീടസാധ്യതകൾ സജീവമാക്കി.

Scroll to load tweet…

ഒരേ ടൂർണമെന്‍റിൽ കാൾസനെതിരെ രണ്ട് ക്ലാസിക്കൽ വിജയങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ ടൂർണമെന്‍റിൽ കാൾസന്‍റെ നാലാമത്തെ ക്ലാസിക്കൽ തോൽവിയാണിത്. ഇതിൽ രണ്ടെണ്ണവും പ്രഗ്നാനന്ദയ്ക്ക് മുന്നിലായിരുന്നു എന്നുള്ളത് ഇന്ത്യൻ താരത്തിന്‍റെ അപ്രമാദിത്വം വ്യക്തമാക്കുന്നു. തോൽവിയോടെ നിലവിലെ ചാമ്പ്യനായ കാൾസന്‍ കിരീടം നിലനിര്‍ത്താനുള്ള സാധ്യതയും മങ്ങി. ജർമ്മനിയുടെ വിൻസെന്‍റ് കീമറെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ ആണ് 14 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 13 പോയിന്‍റുമായി ഫ്രാന്‍സിന്‍റെ അലിരേസ ഫിരൂസ്ജയാണ് രണ്ടാം സ്ഥാനത്ത്.

Scroll to load tweet…

അതേസമയം നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷിന് നിരാശാജനകമായ തോൽവിയോടെ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. ഫ്രാൻസിന്‍റെ അലിരേസ ഫിരൂസ്ജയോടാണ് ഗുകേഷ് പരാജയപ്പെട്ടത്. ടൂർണമെന്‍റിലെ ഗുകേഷിന്‍റെ മൂന്നാമത്തെ ക്ലാസിക്കൽ തോൽവിയാണിത്. നിലവിൽ എട്ട് പോയിന്‍റിൽ നിൽക്കുന്ന ഗുകേഷിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ക്ലാസിക്കൽ ഫോർമാറ്റിൽ വിജയിച്ചാൽ പോലും പരമാവധി 14 പോയിന്‍റിൽ മാത്രമേ എത്താനാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക