നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന പേസിന്‍റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ ഗോദയിൽ അപ്രതീക്ഷിത നീക്കവുമായി ടെന്നീസ് താരം ലിയാണ്ടർ പേസ്. ഇന്ന് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ലിയാണ്ടര്‍ പേസ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന പേസിന്‍റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 2021-ൽ ഗോവയിൽ വെച്ച് പേസ് തൃണമൂലിൽ ചേർന്നിരുന്നു. എന്നാൽ ബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഈ പാർട്ടി മാറ്റം ബിജെപിക്ക് സംസ്ഥാനത്ത് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി നിതിൻ നബിൻ കൊൽക്കത്തയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് ലിയാണ്ടർ പേസിന്‍റെ ഈ രാഷ്ട്രീയ പ്രവേശം. എങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട് (ആദ്യ പട്ടികയിൽ 144 പേരും രണ്ടാം പട്ടികയിൽ 111 പേരും).
മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഭാരത് ഛേത്രി കാലിംപോങ്ങിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ.
