ആര് തരും പണം? മെഡല്‍ നേടിയാലല്ലാതെ ബാഡ്‌മിന്‍റണ് സാമ്പത്തിക പിന്തുണയില്ലെന്ന് മലയാളി താരം എച്ച് എസ് പ്രണോയ്
ബാഴ്‌സലോണ: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ (2021 BWF World Championships) നിന്ന് പിന്‍മാറാന്‍ ആലോചിച്ചിരുന്നതായി മലയാളി താരം എച്ച് എസ് പ്രണോയ് (H S Prannoy). സാമ്പത്തിക പിന്തുണ ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പല താരങ്ങളും സ്വന്തം കീശയില്‍ നിന്ന് പണമെടുത്താണ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്നതെന്നും പ്രണോയ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ബാഡ്‌മിന്‍റണ് പിന്തുണയില്ല
'ബാഡ്‌മിന്‍റണ് ഒരു പിന്തുണയും ലഭിക്കുന്നില്ല. വലിയ എക്‌സ്‌പോഷര്‍ ലഭിക്കുന്നു എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. മെഡല്‍ കിട്ടിയാല്‍ മാത്രമേ വാര്‍ത്ത പോലും വരൂ. ടൂര്‍ണമെന്‍റ് കളിക്കാന്‍ അവസരം ലഭിക്കുന്നവരില്‍ പലരും സ്വന്തം കീശയില്‍നിന്ന് പണംമുടക്കിയോ വ്യക്തിഗത സ്‌പോണ്‍സര്‍മാര്‍ ഉണ്ടെങ്കിലോ ആണ് പങ്കെടുക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോലും സാമ്പത്തിക സഹായമില്ല. എന്‍റെ സ്‌പോണ്‍സര്‍മാര്‍ക്ക് പോലും ഫണ്ടിംഗിന് പരിധിയുണ്ട്'.
ഒരു ടൂര്‍ണമെന്‍റിന് നാല് ലക്ഷം വേണം
'ഒരു ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കുറഞ്ഞത് നാല് ലക്ഷം രൂപയെങ്കിലും വേണം. ഒരു വര്‍ഷം 15 ടൂര്‍ണമെന്‍റ് കളിക്കണമെങ്കില്‍ എത്ര തുക വേണമെന്ന് ഊഹിക്കാം. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസാന നിമിഷമാണ് അവസരം തെളിഞ്ഞത്. എന്‍ട്രി കിട്ടുമെന്ന് കരുതിയിരുന്നില്ല. ആരുടേയും സഹായം ലഭിച്ചില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറാന്‍ ഇ-മെയില്‍ അയക്കണമെന്ന് അവസാന ദിനം വരെ വിചാരിച്ചിരുന്നു. എന്നാല്‍ ആ ദിനം സ്‌പോണ്‍സര്‍മാര്‍ രക്ഷയ്‌ക്കെത്തുകയായിരുന്നു'.
ലക്ഷ്യം പാരിസ് ഒളിംപിക്‌സ്
'പാരിസ് ഒളിപിക്‌സാണ് മുന്നിലെ ലക്ഷ്യം. താരങ്ങള്‍ക്ക് പരിക്ക് പറ്റാതിരിക്കലും തുടര്‍ച്ചയായി പരിശീലനം നടത്താന്‍ കഴിയുന്നതും ഭാഗ്യമാണ്. എന്നാല്‍ എനിക്കാ ഭാഗ്യമില്ല. കൊവിഡും പരിക്കും അടക്കമുള്ള പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. ഒട്ടേറെ ഇടവേളകള്‍ എന്‍റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. പരിക്കില്ലാതെ ശരീരം സംരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ളത്. കടുത്ത മത്സരമുള്ളതിനാല്‍ ഏഷ്യന്‍ ഗെയിംസിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും യോഗ്യത നേടാനാകുമോ എന്നറിയില്ല. എന്നിരിന്നാലും പാരിസ് ഒളിപിംക്‌സാണ് ഏറ്റവും വലിയ ലക്ഷ്യം' എന്നും പ്രണോയ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടറിലെത്തി മികച്ച പ്രകടനമാണ് എച്ച് എസ് പ്രണോയ് പുറത്തെടുത്തത്. 'മെഡൽ നേടിയില്ലെങ്കിലും അട്ടിമറി പരമ്പരയിൽ അഭിമാനം ഉണ്ട്. 2021ലെ മത്സരങ്ങള്‍ അവസാനിച്ചു. 2022 ഇതിലും മികച്ചതാകുമെന്ന് ഉറപ്പാണെന്ന്' എച്ച് എസ് പ്രണോയ് ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം ട്വീറ്റ് ചെയ്‌തിരുന്നു.

