Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് വനിതാ ഹോക്കി: ഇന്ത്യ പോരാടി കീഴടങ്ങി; വെങ്കലശോഭ കൈയ്യകലെ നഷ്‌ടം

ഇരു ടീമിനും തുല്യ സാധ്യതകള്‍ കല്‍പിച്ച അവസാന ക്വാര്‍ട്ടര്‍ ആവേശമായി. എന്നാല്‍ തുടക്കത്തിലെ പെനാല്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

Tokyo 2020 Indian Womens Hockey team lose to Britain in Bronze fight
Author
Tokyo, First Published Aug 6, 2021, 8:45 AM IST

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലശോഭയില്ല. വെങ്കലപ്പോരാട്ടത്തില്‍ വിസ്‌മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങി. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. 

തോല്‍വിയിലും അഭിമാനത്തോടെ മടക്കം 

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. മത്സരം തുടങ്ങി രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍ ഡബിളടിച്ച് ഗുര്‍ജിത് കൗര്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. പിന്നാലെ വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി.  

ഇരു ടീമിനും തുല്യ സാധ്യതകള്‍ കല്‍പിച്ച അവസാന ക്വാര്‍ട്ടര്‍ ആവേശമായിരുന്നു. എന്നാല്‍ തുടക്കത്തിലെ പെനാല്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് ബ്രിട്ടണ്‍ 48-ാം മിനുറ്റില്‍ ഗ്രേസിലൂടെ മുന്നിലെത്തി. വീണ്ടുമൊരിക്കല്‍ കൂടി സമനിലയിലെത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിയാതെ പോയി. 

പുരുഷന്‍മാര്‍ക്ക് വെങ്കലത്തിളക്കം

പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇന്നലെ വെങ്കല മെഡല്‍ നേടിയിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. ഒളിംപിക്‌സ് ഹോക്കിയില്‍ നീണ്ട നാല് പതിറ്റാണ്ടിന്‍റെ മെഡല്‍ കാത്തിരിപ്പിന് വിരാമമിടാന്‍ ഇതോടെ ഇന്ത്യക്കായി. ഒരുവേള 1-3ന് പിന്നില്‍ നിന്ന ഇന്ത്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ കൊയ്യുകയായിരുന്നു. ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം മലയാളി ഗോളി പിആര്‍ ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു. 

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളി സാന്നിധ്യം അറിയിക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്‌സ് വെങ്കലം നേടിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios