ടോക്കിയോ: കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് മാറ്റിയ ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷവും നടക്കാന്‍ സാധ്യതയില്ലെന്ന് ജപ്പാന്‍ ജനത. ജപ്പാന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് നടത്തിയ സര്‍വെയിലാണ് 77 ശതമാനം പേരും ഒളിംപിക്സ് അടുത്തവര്‍ഷവും സാധ്യമാകില്ലെന്ന് അഭിപ്രായപ്പെട്ടത്.  ഈ മാസം ആരംഭിക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുകായായിരുന്നു.

എന്നാല്‍ ജപ്പാന്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഒളിംപിക്സ് അടുത്ത വര്‍ഷം സാധ്യമാവില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിന് പ്രത്യേകിച്ച് കാരണമൊന്നും അവര്‍ പറഞ്ഞിട്ടില്ല. 17 ശതമാനം പേര്‍ മാത്രമെ അടുത്ത വര്‍ഷം ഒളിംപിക്സ് നടക്കുമെന്ന് കരുതുന്നുള്ളു.

Also Read: അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഒളിംപിക്‌സ് ഉപേക്ഷിക്കുമെന്ന് ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍


കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഒളിംപിക്സ് മാറ്റിവെക്കാന്‍ സംഘാടക സമിതിയും അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനും തീരുമാനിച്ചത്. അടുത്തവര്‍ഷം ചെലുവചുരുക്കി ലളിതമായ രീതിയിലായിരിക്കും ഒളിംപിക്സ് നടത്തുകയെന്ന് സംഘാടക സമിതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.