Asianet News MalayalamAsianet News Malayalam

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഷൂട്ടിംഗില്‍ തങ്കത്തിളക്കമായി അവനിലേഖര! ചരിത്രനേട്ടം, റെക്കോര്‍ഡ്

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്

Tokyo Paralympics 2021 Shooter Avani Lekhara wins gold for India
Author
Tokyo, First Published Aug 30, 2021, 8:31 AM IST

ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർറൈഫിളില്‍ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) തങ്കമണിഞ്ഞു. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്‌സാണിത്. 

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്‍റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം. 

ദേശീയ കായികദിനം മെഡല്‍ ദിനം

ദേശീയ കായികദിനമായ ഇന്നലെ ഇന്ത്യ പാരാലിംപിക്‌സിൽ ഇരട്ടവെള്ളി സ്വന്തമാക്കിയിരുന്നു. ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലിന്‍റെ വെള്ളിനേട്ടത്തിന് പിന്നാലെ ഹൈംജംപിൽ നിഷാദ് കുമാറും വെള്ളി നേടി. ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലം സ്വന്തമാക്കിയെങ്കിലും എതിരാളി അപ്പീൽ നൽകിയതിനാൽ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

അഭിമാനമായി ഭവിന

വനിതകളുടെ ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലാണ് ഇന്നലെ ആദ്യ മെഡൽ രാജ്യത്തിന് സമ്മാനിച്ചത്. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ഭവിനയെ ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിംഗ് ഷൂ തോൽപിച്ചു. പത്തൊൻപത് മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനലിൽ 11-7, 11-5, 11-6 എന്ന സ്‌കോറിനായിരുന്നു ചൈനീസ് താരത്തിന്റെ ജയം. ടേബിൾ ടെന്നീസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന. ലോക റാങ്കിംഗിൽ പന്ത്രണ്ടാം സ്ഥാനക്കാരിയാണ് ഭവിന ബെൻ പട്ടേൽ. 

ഹൈജംപിലും വെള്ളിത്തിളക്കം

പുരുഷന്‍മാരുടെ ഹൈജംപില്‍ ഏഷ്യൻ റെക്കോർഡ് തിരുത്തി 2.06 മീറ്റർ ഉയരം മറികടന്ന നിഷാദ് കുമാറിന്‍റെ വെള്ളിയാണ് ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍. 2.09 മീറ്ററായി റെക്കോർഡ് മെച്ചപ്പെടുത്താനുള്ള ശ്രമം പക്ഷേ നിരാശയായി. ലോകറെക്കോർഡോടെ 2.15 മീറ്റർ ചാടി അമേരിക്കൻ താരം റോഡ്രിക് തൗസെൻഡ്സ് സ്വർണം നേടി.

വെങ്കലം പരിശോധനയില്‍ 

മിനുറ്റുകളുടെ ഇടവേളയിൽ വിനോദ് കുമാറിലൂടെ ഇന്ത്യ മൂന്നാം മെഡൽ നേടിയെങ്കിലും പിന്നാലെ ട്വിസ്റ്റുണ്ടായി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ 19.91 മീറ്റർ ദൂരമെറിഞ്ഞ് ഏഷ്യൻ റെക്കോർഡുമായി വിനോദ് വെങ്കലം നേടി എന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ ശാരീരിക യോഗ്യത ചൂണ്ടിക്കാട്ടി എതിരാളി പരാതി നല്‍കിയതിനെ തുടര്‍ന്ന് മത്സരഫലം പുനഃപരിശോധിക്കുകയാണ് സംഘാടകർ. 

ഒളിംപിക്‌സിന് പിന്നാലെ പാരാലിംപിക്‌സിലും ടോക്കിയോ ഇന്ത്യക്ക് ഭാഗ്യവേദിയാവുകയാണ്. മെഡല്‍ നേടിയ താരങ്ങളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios