'അന്യസ്ത്രീകളെ സ്പർശിക്കില്ല'; ചെസ് മത്സരത്തിനിടെ ഇന്ത്യൻ വനിതാ താരത്തിന്റെ ഹസ്തദാനം നിരസിച്ച് ഉസ്ബെക്ക് താരം
യാകുബ്ബോവിനെതിരെ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് വൈശാലി ഹസ്തദാനം നൽകാൻ ശ്രമിച്ചത്. എന്നാൽ ഉസ്ബെക്ക് താരം പ്രതികരിക്കുകയോ കണ്ടഭാവം നടിക്കുകയോ ചെയ്തില്ല.

ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയുടെ ഹസ്തദാനം നിരസിച്ച ഉസ്ബെക് താരം നോദിർബെക് യാകുബോവിന്റെ പെരുമാറ്റം വിവാദമാകുന്നു. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടെയാണ് ഉസ്ബെക്ക് താരം ഇന്ത്യൻ താരത്തിന്റെ ഹസ്തദാനം നിരസിച്ചത്. അന്യ സ്ത്രീകളെ സ്പർശിക്കില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം നിരസിച്ചതെന്നും അനാദരവ് കാണിച്ചില്ലെന്നും താരം പിന്നീട് വിശദീകരിച്ചു. യാകുബ്ബോവിനെതിരെ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് വൈശാലി ഹസ്തദാനം നൽകാൻ ശ്രമിച്ചത്. എന്നാൽ ഉസ്ബെക്ക് താരം പ്രതികരിക്കുകയോ കണ്ടഭാവം നടിക്കുകയോ ചെയ്തില്ല.
മത്സരത്തിൽ 23 കാരനായ യാകുബ്ബോവ് തോറ്റു. വീഡിയോ വൈറലായതോടെ, വൈശാലിയോടും അവളുടെ സഹോദരൻ ആർ. പ്രഗ്നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവും ഉണ്ടെന്നും താരം വിശദീകരിച്ചു. സ്ത്രീകളോടും ഇന്ത്യൻ ചെസ്സ് താരങ്ങളോടും എല്ലാ ബഹുമാനത്തോടെയുമാണ് പെരുമാറാറുള്ളത്. മതപരമായ കാരണങ്ങളാൽ മറ്റ് സ്ത്രീകളെ ഞാൻ തൊടുന്നില്ലെന്ന് എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും യാക്കുബ്ബോവ് എക്സിൽ എഴുതി.
തൻ്റെ പെരുമാറ്റം അവരെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്യുന്നു. എതിർലിംഗത്തിലുള്ളവരുമായി കൈ കൊടുക്കരുതെന്നോ സ്ത്രീകൾ ഹിജാബ് അല്ലെങ്കിൽ ബുർഖ ധരിക്കണമെന്നോ ഞാൻ മറ്റുള്ളവരോട് നിർബന്ധിക്കുന്നില്ലെന്നും എന്തുചെയ്യണം എന്നത് അവരുടെ കാര്യമാണെന്നും താരം പറഞ്ഞു. റൊമാനിയയുടെ ഐറിന ബുൾമാഗയ്‌ക്കെതിരായ എട്ടാം റൗണ്ട് ഗെയിമിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് യാകുബ്ബോവ് പറഞ്ഞു.
