വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനും രാജാമുത്തു പാണ്ഡ്യനും 30 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ സെൽവ പ്രഭുവിന് 20 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ടെത്തി കൈമാറി.

തിരുവനന്തപുരം: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്‍റെ അഭിമാനമായി മാറിയ മലയാളി താരങ്ങളോട് വീണ്ടും കേരളത്തിന്‍റെ അവഗണന. ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും സമ്മാനത്തുക പ്രഖ്യാപിച്ചപ്പോൾ കേരളം ഇക്കാര്യം അറിഞ്ഞമട്ടില്ല. ഗ്ലാസ്ഗോയിൽ മെഡൽ നേടിയ മലയാളി താരങ്ങളായ എം. ശ്രീശങ്കറിനും മുഹമ്മദ് ബാസിലിനും ഇതുവരെ ഒരു രൂപ പോലും സമ്മാനത്തുകയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ സഹതാരങ്ങൾ സ്വന്തം മണ്ണിൽ വൻ ആദരവും കൈനിറയെ പുരസ്കാരങ്ങളും ഏറ്റുവാങ്ങുമ്പോഴാണ് മലയാളി അത്‌ലറ്റുകൾ കടുത്ത അവഗണന നേരിടുന്നത്. പുരുഷ ലോംഗ് ജംപില്‍ ശ്രീശങ്കര്‍ വെള്ളിയും പാരാ അത്‌ലറ്റിക്സിൽ പുരുഷൻമാരുടെ 100 മീറ്റര്‍ ടി47 വിഭാഗത്തില്‍ മുഹമ്മദ് ബാസിൽ വെള്ളിയും നേടിയിരുന്നു.

ഗെയിംസ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ തമിഴ്‌നാട് സർക്കാർ തങ്ങളുടെ മെഡൽ ജേതാക്കളെ ആദരിച്ചു. വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനും രാജാമുത്തു പാണ്ഡ്യനും 30 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ സെൽവ പ്രഭുവിന് 20 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ടെത്തി കൈമാറി. 

Scroll to load tweet…

ഹരിയാന സർക്കാരാകട്ടെ സ്വർണമെഡൽ നേടിയവർക്ക് 1.5 കോടി രൂപ വീതമാണ് പ്രഖ്യാപിച്ചത്. വെള്ളിക്ക് 75 ലക്ഷവും വെങ്കലത്തിന് 50 ലക്ഷവും ഹരിയാന നൽകും. ഏഴ് സ്വർണമടക്കം 10 മെഡലുകളാണ് ഹരിയാന താരങ്ങൾ നേടിയത്. കൂടാതെ കേന്ദ്ര സർക്കാർ സ്വർണത്തിന് 30 ലക്ഷവും വെള്ളിക്ക് 20 ലക്ഷവും വെങ്കലത്തിന് 10 ലക്ഷം രൂപ വീതവും താരങ്ങൾക്ക് നൽകിക്കഴിഞ്ഞു.എന്നാൽ കേരളം ഇതൊന്നും അറിഞ്ഞമട്ടില്ല.

കേരളത്തിലെ കായികതാരങ്ങൾ ഇത്തരം അവഗണന നേരിടുന്നത് ഇതാദ്യമല്ല. പാരിസ് ഒളിംപിക്‌സിൽ മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിന് സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വരുത്തിയ വീഴ്ചയും, പിന്നീട് പ്രഖ്യാപിച്ച തുക നൽകാൻ സംഘടിപ്പിച്ച ചടങ്ങ് മന്ത്രിമാരുടെ തമ്മിലടി കാരണം മാറ്റിവെച്ചതും വലിയ വിവാദമായിരുന്നു. അന്ന് ഭരണപക്ഷത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച പ്രതിപക്ഷം പിന്നീട് ഭരണത്തിലെത്തിയിട്ടും കായികതാരങ്ങളോടുള്ള മെല്ലെപ്പോക്കിലും അവഗണനയിലും യാതൊരു മാറ്റവുമില്ലെന്നാണ് കായികപ്രേമികൾ ചൂണ്ടിക്കാണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക