ലണ്ടന്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ്. ടൂര്‍ണമെന്റിന്റെ ഇന്‍ഷൂറന്‍സ് സേവനദാതാക്കളുമായി സംസാരിച്ചശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ലൂയിസ് വ്യക്തമാക്കി.

മെയിന്‍ ഡ്രോയില്‍ മത്സരിക്കേണ്ടിയിരുന്ന 256 താരങ്ങള്‍ക്ക് 31000 ഡോളര്‍ വീതം പ്രൈസ് മണിയായി ലഭിക്കും. യോഗ്യതാ മത്സരങ്ങളില്‍ കളിക്കേണ്ടിയിരുന്ന 224 കളിക്കാര്‍ക്ക് 15600 ഡോളര്‍ വീതം പ്രൈസ് മണിയായി ലഭിക്കും. ഇതിന് പുറമെ ഡബിള്‍സില്‍ മത്സരിക്കേണ്ടിയിരുന്ന 120 കളിക്കാര്‍ക്ക് 7800 ഡോളര്‍ വീതവും വീല്‍ച്ചെയര്‍ വിഭാഗത്തില്‍ മത്സരിക്കേണ്ടിയിരുന്ന 16 പേര്‍ക്ക് 7500 ഡോളര്‍ വീതവും ക്വാഡ് വീല്‍ച്ചെയര്‍ വിഭാഗത്തില്‍ മത്സരിക്കേണ്ടിയിരുന്ന നാലു പേര്‍ക്ക് 6200 ഡോളര്‍ വീതവും പ്രൈസ് മണിയായി ലഭിക്കും.

അനിശ്ചിതത്വത്തിന്റെ നാളുകളില്‍ സാമ്പത്തിക പ്രതിസന്ധിയിലായ കളിക്കാരെ ഏതൊക്കെ രീതിയില്‍ സഹായിക്കാമെന്നതിനെക്കുറിച്ച് ചിന്തിച്ചശേഷമാണ് തീരുമാനമെടുത്തതെന്ന് റിച്ചാര്‍ഡ് ലൂയീസ് വ്യക്തമാക്കി. ഏപ്രിലിലാണ് വിംബിള്‍ഡ‍ണ്‍ റദ്ദാക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. വിംബിള്‍ഡണിന്റെ 134-ാം പതിപ്പായിരുന്നു ജൂണില്‍ നടക്കേണ്ടിയിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായിട്ടായിരുന്നു വിംബിള്‍ഡണ്‍ റദ്ദാക്കുന്നത്. നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റ് നീട്ടീവെച്ചിരുന്നു. സെപ്റ്റംബറിലേക്ക് മാറ്റിയ ഫ്രഞ്ച് ഓപ്പണില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.