നീരജ് ചോപ്രയുടെ ഫൈനലിന്‍റെ ഹൃദയമിടിപ്പും ത്രില്ലും ഒരു നിമിഷം പോലും നഷ്‌ടപ്പെടാതെ തല്‍സമയം ആരാധകര്‍ക്ക് അറിയാം

ഒറിഗോണ്‍: സ്വര്‍ണ പ്രതീക്ഷയോടെ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ(World Athletics Championship 2022) ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ന് രാവിലെ നീരജ് ചോപ്ര(Neeraj Chopra) ഇറങ്ങുകയാണ്. ഞായറാഴ്‌ച രാവിലെ ഇന്ത്യന്‍സമയം 7.05നാണ് ഫൈനലിന് തുടക്കമാവുക. ടോക്കിയോ ഒളിംപിക്‌സിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണമണിയുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ജനത. രാജ്യത്തിന്‍റെ അഭിമാന താരത്തിന്‍റെ ഫൈനല്‍ തല്‍സമയം കാണാനുള്ള വഴികള്‍ തിരയുകയാണ് ആരാധകര്‍. 

നീരജ് ചോപ്രയുടെ ഫൈനലിന്‍റെ ഹൃദയമിടിപ്പും ത്രില്ലും ഒരു നിമിഷം പോലും നഷ്‌ടപ്പെടാതെ തല്‍സമയം ആരാധകര്‍ക്ക് അറിയാം. ഇന്ന്(ജൂലൈ 24) രാവിലെ 7.05 മുതല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ ജാവലിന്‍ ഫൈനല്‍ ലൈവായി സംപ്രേഷണം ചെയ്യുക. സോണി ലൈവ് ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴിയും മത്സരം തല്‍സമയം കാണാം.

വെല്ലുവിളി ആരൊക്കെ 

ഞായറാഴ്‌ച രാവിലെ ഇന്ത്യന്‍സമയം 7.05നാണ് കലാശപ്പോര് തുടങ്ങുക. ഇരുപത്തിനാലുകാരനായ നീരജ് ചോപ്രയുടെ കരിയറിലെ ആദ്യ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ നീരജ് ചോപ്ര. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍. ഫൈനലിലും നിലവിലെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ് ആയിരിക്കും നീരജിന് വലിയ വെല്ലുവിളി ഉയര്‍ത്തുക. യോഗ്യതാ റൗണ്ടില്‍ 89.91 മീറ്ററുമായി പീറ്റേഴ്‌സ് ഒന്നാമതും 88.39 മീറ്റർ ദൂരത്തോടെ നീരജ് രണ്ടാം സ്ഥാനത്തുമായിരുന്നു. 

സ്വര്‍ണമണിഞ്ഞാല്‍ ചരിത്രം 

ചെക് റിപ്പബ്ലിക്കിന്‍റെ യാൻ സെലസ്നിക്കും നോർവേയുടെ ആന്ദ്രേസ് തോർകിൽഡ്സണും ശേഷം ഒളിംപിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നീരജ് ചോപ്രയെ കാത്തിരിക്കുന്നത്. 2009ലായിരുന്നു ആന്ദ്രേസിന്‍റെ നേട്ടം. നീരജിനൊപ്പം ഇന്ത്യയില്‍ നിന്ന് രോഹിത് യാദവും ജാവലിൻ ഫൈനലിൽ മത്സരിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയ രോഹിത് പതിനൊന്നാമനായാണ് ഫൈനലിൽ എത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഒരിനത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ഇതാദ്യമാണ്. ടോക്കിയോ ഒളിംപിക്‌സില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. 

World Athletics Championship 2022 : നീരജ് ചോപ്രയുടെ ഫൈനല്‍ കടുക്കും; പ്രധാന എതിരാളികള്‍ ചില്ലറക്കാരല്ല!