അടുത്തിടെ നടന്ന ഒരു ടൂര്‍ണമെന്‍റിലെ ഫൈനലില്‍ നേരിയ പോയിന്റ് വ്യത്യാസത്തില്‍ തോറ്റതിലുള്ള മനോവിഷമത്തെ തുടര്‍ന്നായിരിക്കാം റിതികയുടെ ആത്മഹത്യ എന്നാണ് ഹരിയാന പൊലീസ് പറയുന്നത്

ദില്ലി: ഗുസ്‌തി താരം റിതിക ഫോഗട്ട്(17 വയസ്) ആത്മഹത്യ മരിച്ച നിലയില്‍. പ്രശസ്‌ത ഗുസ്‌തി താരങ്ങളായ ഗീത ഫോഗട്ടിന്‍റേയും ബബിത ഫോഗട്ടിന്‍റേയും അടുത്ത ബന്ധുവാണ്. 

ഒരു ടൂര്‍ണമെന്‍റിലെ ഫൈനലില്‍ തോറ്റതിലുള്ള മനോവിഷമത്തെ തുടര്‍ന്നായിരിക്കാം റിതികയുടെ ആത്മഹത്യ എന്നാണ് ഹരിയാന പൊലീസ് പറയുന്നത്. താരത്തിന്‍റെ മരണത്തില്‍ അന്വേഷണം നടക്കുന്നതായും പൊലീസ് ഡപ്യൂട്ടി സുപ്രണ്ട് രാം സിംഗ് ബിഷ്‌ണോയ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. മാര്‍ച്ച് 12 മുതല്‍ 14 വരെ രാജസ്ഥാനിലെ ഭാരത്‌പുരില്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തിരുന്നു റിതിക. 

അമ്മാവനും ഇതിഹാസ ഗുസ്‌തിതാരവുമായ മന്‍വീര്‍ സിംഗ് ഫോഗട്ടിന്‍റെ വീട്ടിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ മന്‍വീറിന്‍റെ അക്കാദമിയിലാണ് റിതിക പരിശീലനം നടത്തിവന്നിരുന്നത്. ഗീത ഫോഗട്ടിന്‍റേയും ബബിത ഫോഗട്ടിന്‍റേയും പിതാവാണ് മന്‍വീര്‍ സിംഗ്. കസിന്‍റെ മരണം ഞെട്ടിച്ചുവെന്നും നിത്യശാന്തി നേരുന്നതായും ഗീത ഫോഗട്ട് ട്വീറ്റ് ചെയ്തു.