സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ ചികത്സയ്ക്ക് ഒരു കോടി രൂപയുടെ സഹായ പാക്കേജ്

ആസ്റ്റർ ഡി.എം. ഹെൽത്കെയർ, കോട്ടക്കൽ മേഖലയ്ക്കായി 215 കോടിരൂപയുടെ ആരോഗ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റർ മിംസ് കോട്ടക്കലിന്റെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ആസ്റ്റർ ഡി.എം. ഹെൽത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

ആസ്റ്റർ മിംസ് കോട്ടക്കലിൽ ഇതുവരെ 45 ലക്ഷത്തിലധികം ആളുകൾക്ക് ചികിത്സ നൽകിയെന്ന് ഡോ. മൂപ്പൻ പറഞ്ഞു. ക്യാൻസർ ചികിത്സയ്ക്കുള്ള 100 കിടക്കകളുള്ള ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഉടൻ ആരംഭിക്കും. മലപ്പുറത്ത് പുതിയ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി ചികിത്സ നൽകുന്നതിന് ഒരു വർഷത്തേക്കുള്ള പ്രത്യേക സഹായ പാക്കേജും ആസ്റ്റർ മിംസ് കോട്ടക്കൽ പ്രഖ്യാപിച്ചു. വൃക്ക മാറ്റിവെക്കൽ, ഹൃദയ ശസ്ത്രക്രിയ, ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ തുടങ്ങിവ ഇതിൽപ്പെടും. അധിക സാമ്പത്തിക സഹായം വേണ്ട രോഗികൾക്ക് സബ്സിഡി നിരക്കിൽ ചികിത്സ നൽകുമെന്നും ആസ്റ്റർ മിംസ് കോട്ടക്കൽ അറിയിച്ചു.

എം.പി അബ്ദുൽ സമദ് സമദാനി, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ്. ജോയ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ, ആസ്റ്റർ മിംസ് ഡയറക്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.