"സ്വന്തം ജോലിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പൊതുപ്രവർത്തനം നടത്താൻ യുവാക്കൾ തയ്യാറാകണം"
യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ നിലവിലെ സമീപനങ്ങളിൽ അടിസ്ഥാനപരമായ സാംസ്കാരിക മാറ്റം അനിവാര്യമാണെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ' പരിപാടിയിലെ 'നെക്സസ് ടു ആക്സസ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ഒരിക്കലും തൊഴിലിന് പകരമാകരുത്. സ്വന്തം ജോലിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പൊതുപ്രവർത്തനം നടത്താൻ യുവാക്കൾ തയ്യാറാകണമെന്നും, 'വർക്ക് ടു ഏൺ' എന്ന ശൈലിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി വേണം രാഷ്ട്രീയത്തിൽ നിലകൊള്ളാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു അഭിഭാഷകൻ എന്ന നിലയിലുള്ള തന്റെ ജോലിയും രാഷ്ട്രീയവും തുല്യ പ്രാധാന്യത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യക്തതയും സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കിയാൽ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരും. യുവാക്കൾ നന്മയുടെ പക്ഷത്താണെന്നതിന്റെ ഉദാഹരണമാണ് കോവിഡ് കാലത്തെ വോളന്റിയർ പ്രവർത്തനങ്ങളിൽ കണ്ടത്. അന്ന് യുവാക്കളിൽ നിന്ന് ലഭിച്ച വലിയ പ്രതികരണം ആവേശം നൽകുന്നതാണ്. ജീവിതത്തിലെ തകർച്ചകളെയും പരാജയങ്ങളെയും വാശിയോടെയാണ് താൻ അഭിമുഖീകരിച്ചിട്ടുള്ളത്.
പരാജയങ്ങളിൽ തളരാതെ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് സ്വന്തം പാത കണ്ടെത്താൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരുത്ത് അതിന്റെ നേതൃനിരയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരെല്ലാം വ്യത്യസ്തമായ ശൈലികളിൽ മികവ് തെളിയിച്ച നേതാക്കളാണ്. ഇവർ ഓരോരുത്തരും മികച്ച രീതിയിൽ പാർട്ടിയെ നയിക്കാൻ പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
