പായസ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും
കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളമൊട്ടാകെ സംഘടിപ്പിക്കുന്ന പായസ ഫെസ്റ്റിവലിന്റെ 37-ാമത് പതിപ്പ് ഓഗസ്റ്റ് 19 മുതൽ തുടങ്ങും.
കേരളം മുഴുവനുള്ള കെ.ടി.ഡി.സി പ്രോപ്പർട്ടികളിലെ ഷെഫുമാർ തയാറാക്കുന്ന പായസ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് തിരുവനന്തപുരം തമ്പാനൂർ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിൽ രാവിലെ 11-ന് നിർവഹിക്കും.
പായസ വിൽപ്പന കൗണ്ടർ ഗ്രാൻഡ് ചൈത്രത്തിൽ ഓഗസ്റ്റ് 19 മുതൽ 25 വരെ രാവിലെ 9 മുതൽ രാത്രി 8 വരെയാണ്. ഓഗസ്റ്റ് 26-ന് ഉച്ചയ്ക്ക് 1 മണി വരെയും പ്രവർത്തിക്കും.
കെ.ടി.ഡി.സി മാസ്കോട്ട് ഹോട്ടലിലും കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിലും ഓഗസ്റ്റ് 25, 26 തീയതികളിൽ ഓണസദ്യയും ഉണ്ടാകും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് സദ്യ.
പായസമേളയിൽ അട പ്രഥമൻ, പാൽ പായസം, കടല പായസം, പാലട പായസം, നവരസ പായസം, കാരറ്റ് പായസം തുടങ്ങിയ പായസങ്ങൾ ലഭ്യമാകും.
കൂടാതെ പ്രത്യേകം തയാറാക്കിയ പൈനാപ്പിൾ പായസം, പഴം പായസം, പരിപ്പു പ്രഥമൻ, മാമ്പഴ പായസം, ഗോതമ്പു പായസം എന്നിവ തെരഞ്ഞെടുത്ത തീയതികളിൽ ലഭിക്കും.
ലിറ്ററിന് 460 രൂപയും അര ലിറ്ററിന് 240 രൂപയുമാണ് പായസങ്ങൾക്ക് വില.
ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ട്, മലബാർ കോർട്ടിയാഡ്, മുഴുപ്പിലങ്ങാട് ഫോക് ലാൻഡ് ആൻഡ് ലൂം ലാൻഡ്, റെയ്ൻ ഡ്രോപ്സ് ചെന്നൈ എന്നിവിടങ്ങളിലും ഓഗസ്റ്റ് 26-ന് മുൻപ് വിവിധ തീയതികളിൽ പായസ മേള നടക്കും.
