ഭരണസംവിധാനം ഇപ്പോഴും രാജഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും ഹാങ്ങോവറിലാണെന്നും പ്രശാന്ത് നായർ ഐഎഎസ് പറഞ്ഞു.

കേരളത്തിലെ ഭരണസംവിധാനം ഇന്നും രാജഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും സ്വാധീനത്തിൽ നിന്ന് മുക്തമായിട്ടില്ലെന്ന് മുൻ കോഴിക്കോട് ജില്ലാ കളക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പ്രശാന്ത് നായർ. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026-ലെ 'ഔട്ട് ഓഫ് ദ സിസ്റ്റം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കണ്ണടച്ച് നടപ്പാക്കുന്ന രീതിയാണ് ഇപ്പോഴത്തെ ഭരണസംവിധാനത്തിന്റേത്. 

Add Asianetnews as a Preferred SourcegooglePreferred

ഭരണകൂടം ജനക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്നും, മുകളിൽ നിന്ന് പറയുന്നത് ശരിയാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ബസുകൾ വരാത്തത് വ്യവസ്ഥിതിയുടെ പിടിവാശി മൂലമാണ്. ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി വലിയൊരു വിഭാഗം ജനങ്ങളുടെ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മിത്വ കാലഘട്ടത്തിൽ പ്രസക്തമായിരുന്ന ഭൂപരിഷ്‌കരണ നിയമങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നത് തിരിച്ചടിയാണ്. ഏകവിള കൃഷിരീതികൾ പരിസ്ഥിതിക്ക് അനുയോജ്യമല്ലെന്ന നിരീക്ഷണങ്ങൾ ഉണ്ടെങ്കിലും തോട്ടഭൂമി സംബന്ധിച്ച പഴയ നിയമങ്ങളിൽ മാറ്റം വരുത്താൻ അധികാരികൾ തയ്യാറാകുന്നില്ല. പുതിയ കാര്യങ്ങൾ ഉൾകൊള്ളാൻ വ്യവസ്ഥിതിക്ക് വലിയ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മേഖലയിൽ ഇപ്പോഴും 'നോക്കുകൂലി' രീതി പുതിയ രൂപത്തിൽ നിലനിൽക്കുന്നുണ്ട്. 

അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള ക്ഷേമനിധി പദ്ധതികൾ യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിച്ചാൽ ഇത് വ്യക്തമാകും. നിയമങ്ങൾ കാലത്തിനനുസരിച്ച് മാറണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. വലിയ മാളുകളോ കെട്ടിടങ്ങളോ ഉണ്ടാകുന്നതല്ല വികസനം. ഈ സൗകര്യങ്ങളോടൊപ്പം അതിനാവശ്യമായ മറ്റ് സൗകര്യങ്ങളും ഉണ്ടാകണം. തന്റെ ഭാഷ സംബന്ധിച്ചുയരുന്ന വിമർശനങ്ങളോട് ഒരോ ഇടങ്ങളിലും അതിനനുയോജ്യമായ ഭാഷയാണ് താൻ ഉപയോഗിക്കാറെന്നും അദ്ദേഹം പറഞ്ഞു.