റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് അഞ്ച് ഇന്ത്യക്കാര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇന്ത്യാക്കാരുടെ മരണസഖം്യ 10 ആയി. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് ബാക്കി അഞ്ച് പേരുടെ കൂടി മരണ വിവരം പുറത്തുവന്നത്. 

സൗദി ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മരണപ്പെട്ടവരുടെ പൂര്‍ണ വിവരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഞായറാഴ്ച പുറത്തുവിട്ടു. കേരള (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), യുപി (മൂന്ന്), തെലങ്കാന (രണ്ട്) എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍.

മഹാരാഷ്ട്ര സ്വദേശികളായ ബര്‍ക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖിര്‍ (67), തൗസിഫ് ബല്‍ബാലെ (40) എന്നിവര്‍ മദീനയിലും ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഫഖ്രി ആലം (52), മുഹമ്മദ് അസ്ലം ഖാന്‍ (51) എന്നിവര്‍ മക്കയിലും തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (54) ജിദ്ദയിലുമാണ് മരിച്ചത്. മലയാളികളായ കണ്ണൂര്‍ സ്വദേശി ഷബ്നാസ് പാലക്കണ്ടിയില്‍ മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാന്‍ നടമേല്‍ റിയാദിലും മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് മദീനയിലും ഉത്തര്‍പ്രദേശ് സ്വദേശി ബദ്‌റെ ആലം, തെലങ്കാന സ്വദേശി അമാനത്തുള്ള ഖാന്‍ എന്നിവര്‍ ജിദ്ദയിലും നേരത്തെ മരിച്ചിരുന്നു.

അതേസമയം, സൗദിയില്‍ 1088 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു ഇതിലേറെയും വിദേശികളാണ്. സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത് അഞ്ചു വിദേശികളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മക്കയില്‍ നാലുപേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 97 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1088 പേര്‍ക്കാണ്.

ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 9362 ആയി. ഇന്ന് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചത് മക്കയിലാണ്. 251 പേര്‍ക്ക്. ജിദ്ദ 210, ദമ്മാം 194, മദീന 177, ഹഫൂഫ് 123, റിയാദ് 85 എന്നിങ്ങനെയാണ് മറ്റുനഗരങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. 7867 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

ഇതില്‍ 93 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം ഭേദമായത് 69 പേര്‍ക്കാണ്. ഇതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 1398 ആയി. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലും ക്യാമ്പുകളിലും നേരിട്ടെത്തി പരിശോധന തുടങ്ങിയതോടെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ മക്കയില്‍ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിരവധിപേരില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുമായാണ് മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നത്. ശരീരോഷ്മാവ് പരിശോധിച്ച് സംശയമുള്ളവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിക്കും. ഇതിലൂടെ രോഗ ലക്ഷണമില്ലെങ്കിലും രോഗബാധ നേരത്തെ സ്ഥിരീകരിക്കാനാകും. ഇതുവഴി രോഗവ്യാപനം തടയാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.