ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ. രാജ്യമെങ്ങും വലിയ ആഘോഷം. ആഘോഷത്തിൽ പങ്കുചേർന്ന് പ്രവാസികളും. ഇന്ന് സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും.
മനാമ: 54-ാം ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ. അഭിമാനത്തിന്‍റെയും നേട്ടത്തിന്‍റെയും 54 വർഷങ്ങൾ ആഘോഷിക്കുകയാണ് രാജ്യം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്‍റെ വാർഷികവും രാജ്യത്തിന്‍റെ ദേശീയ ദിനവും വിപുലമായി ആഘോഷിക്കുകയാണ് ബഹ്റൈൻ ജനത. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മഹത്തായ സന്ദേശം ലോകത്തിന് നൽകിയാണ് ബഹ്റൈൻ 54ന്‍റെ നിറവിലെത്തിയത്. സ്വദേശികൾക്കൊപ്പം പ്രവാസികളും ദേശീയ ദിനം ആഘോഷിക്കുകയാണ്.
ഭരണാധികാരി ഹമദ് രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ അഭിമാനാർഹമായ നേട്ടങ്ങളാണ് ഇക്കാലമത്രയും ബഹ്റൈൻ കൈവരിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിൽ രാജ്യം മുന്നിലായിരുന്നു. ഇന്ന് സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും സന്നിഹിതനാകും. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ ‘സെലിബ്രേറ്റ് ബഹ്റൈൻ’ എന്ന പേരിൽ വിപുലമായ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് സാഖിറിലെ ബിഐസിയിൽ വൈകിട്ട് ഏഴുമുതൽ കരിമരുന്ന് പ്രകടനമുണ്ടാകും. സാമൂഹിക സംഘടനകളും പ്രവാസി കൂട്ടായ്മകളും വിവിധ പരിപാടികളുമായി സജീവമായി ആഘോഷങ്ങളിൽ പങ്കുചേരുന്നുണ്ട്.


