പുലര്‍ച്ചെ നാലു മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചതെന്ന് പബ്ലിക് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. വിവരമറിച്ച് സിവില്‍ ഡിഫന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തും മുന്‍പ് തന്നെ ഇവര്‍ മരിച്ചിരുന്നു.
മസ്‌കത്ത്: ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ സഹം പ്രദേശത്തുള്ള ഖോര്‍ അല്‍ ഹമ്മാം ഗ്രാമത്തിലായിരുന്നു സംഭവം. തലസ്ഥാനമായ മസ്കറ്റില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്.
മരിച്ചവര്‍ എല്ലാവരും സ്വദേശികളാണ്. പുലര്‍ച്ചെ നാലു മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചതെന്ന് പബ്ലിക് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. വിവരമറിച്ച് സിവില്‍ ഡിഫന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തും മുന്‍പ് തന്നെ ഇവര്‍ മരിച്ചിരുന്നു. പുലര്‍ച്ചെ വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടന്ന സമയമായതിനാല്‍ രക്ഷപെടാന്‍ ആര്‍ക്കും കഴിഞ്ഞില്ല. താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ മുകള്‍ നിലയിലേക്കും എത്തി. അധികൃതര്‍ എത്തി തീയണച്ച ശേഷം മൃതദേഹങ്ങള്‍ നീക്കം ചെയ്തു.
അപകടത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. വീടുകളില്‍ സ്മോക് സെന്‍സര്‍ പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തണം.
