അബ്ദലി റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തി ലക്ഷ്യമാക്കി പോയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് തലയ്ക്ക് ഗുരുതരമായ ആഘാതമേൽക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒടിവുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ജഹ്‌റ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അൽ-ഖഷ്അനിയ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോൾ സംഘം സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഇതിന് പിന്നാലെ ഫോറൻസിക് തെളിവ് ശേഖരണ വിഭാഗവും ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും സ്ഥലത്തെത്തി അപകടം നടന്ന രീതിയും മറ്റ് സാഹചര്യങ്ങളും വിശദമായി പരിശോധിച്ചു. പ്രാഥമിക പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ അധികൃതർ നിർദ്ദേശം നൽകി. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.