കുട്ടികളെ ശ്രദ്ധിക്കാതെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം ഷോപ്പിങിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായോ രക്ഷിതാക്കള്‍  പുറത്തുപോകുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അബുദാബി: ലോക്ക് ചെയ്‍ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുമായി പൊലീസ്. ഇത്തരക്കാര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ശ്രദ്ധിക്കാതെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം ഷോപ്പിങിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായോ രക്ഷിതാക്കള്‍ പുറത്തുപോകുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തുന്നത് അപകടകരമാണ്. വീടുകളുടെ കോമ്പൌണ്ടുകളിലാണെങ്കിലും മറ്റ് സ്ഥലങ്ങളിലാണെങ്കിലും അശ്രദ്ധമായ ഇത്തരം പ്രവൃത്തികള്‍ കുട്ടികളുടെ മരണകാരണമാവുന്നതുള്‍പ്പെടെ വളരെ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കും. 'വദീമ നിയമം' എന്നറിയപ്പെടുന്ന യുഎഇയിലെ ബാലാവകാശ നിയമം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona