കുവൈത്ത് സിറ്റി: കുവൈത്തിൽ ടാക്സികൾ നിർത്തലാക്കിയിട്ട് 100 ദിനങ്ങൾ പിന്നിടുന്നു. കൊവിഡ് പടരാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ടാക്സി സർവ്വീസുകൾ നിർത്തലാക്കിയത്.  തൊഴിൽ പൂർണ്ണമായും നിലച്ചുപോയ ഈ മേഖലയിലെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്.

കാൾ ടാക്സികളും, റോമിംഗ് ടാക്സികളുമാണ് കുവൈത്ത് നിരത്തിൽ സർവ്വീസ് നടത്തുന്ന ഭൂരിപക്ഷം ടാക്സികളും. തൊഴിൽ നിയപ്രകാരം പറയുന്ന യാതൊരു ആനൂകൂല്യവും ലഭിക്കാത്ത ടാക്സി ജീവനക്കാർ ദിവസം ഏഴ് മുതൽ എട്ട് ദിനാർ വരെ വരുന്ന വാടക കമ്പനിയ്ക്ക് നൽകുകയും, കാർ മെയിന്റനസ് സ്വന്തമായി ചെയ്യുകയും വേണം. 

ടാക്സി ഉടമകളിൽ നാമമാത്രമായ ചിലർ ഭക്ഷണ സാധനങ്ങൾ നൽകി ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ സഹായിച്ചിരുന്നു. സന്നദ്ധ സംഘടനകൾ നൽകിവന്നിരുന്ന ഭക്ഷണകിറ്റുകളിലാണ് ഇതുവരെയും കഴിഞ്ഞുപോയിരുന്നത്. ഇതും ഇപ്പോൾ ഇല്ലാതായി. ഈ മാസം ടാക്സി സർവ്വീസ് വീണ്ടും തുടങ്ങാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

ഇത്രയും കാലം ഓടാതിരുന്നതിനാൽ മെയിൻറൻസിന് നല്ല തുക കണ്ടെത്തണം. മാത്രമല്ല 100 ദിവസത്തെ വാടക കൂടി തവണകളായി നൽകാ൯ കമ്പനി ഉടമകൾ ആവശ്യപ്പെടുമോ എന്ന ഭീതിയും ഇവർക്കുണ്ട്. സർവ്വീസ് ആരംഭിച്ചാലും മേഖല സജീവമാകാ൯ കുറഞ്ഞത് ആറ് മാസ സമയമെങ്കിലും വേണ്ടിവരുമെന്നാണ് ഇവർ കരുതുന്നത്.