കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനിടയിലും 116 പ്രവാസി നഴ്‍സുമാരെ ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്തിച്ചു. കൊവിഡ് പരിശോധന നടത്താനുള്ള സ്രവം ശേഖരിച്ച ശേഷം ഇവരെ ഹോം ക്വാറന്റീനിലാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവരുടെ പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കുന്നത്.

കുവൈത്തിലെത്തിയ നഴ്‍സുമാരെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ സംഘം സ്വീകരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നഴ്‍സുമാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്‍തഫ റിദ, സപ്പോര്‍ട്ട് മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഖഷ്തി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കൂടുതല്‍ നഴ്‍സുമാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.