Asianet News MalayalamAsianet News Malayalam

യുഎഇയിലെ വന്‍ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത് 125 കടകള്‍

സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും 25ഓളം പൊലീസ്, ആംബുലന്‍സ് വാഹനങ്ങളും ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു. തീപ്പിടിത്തമുണ്ടായി ആദ്യ മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. സമീപത്തെ മറ്റിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനുമായെന്ന് ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.

125 shops destroyed in Ajman Public Market fire
Author
Ajman - United Arab Emirates, First Published Aug 6, 2020, 5:38 PM IST

അജ്മാന്‍: ബുധനാഴ്ച വൈകുന്നേരം അജ്മാന്‍ പബ്ലിക് മാര്‍ക്കറ്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 125 കടകള്‍ പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അജ്മാന്‍ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്‍ദുല്ല അല്‍ നുഐമി പറഞ്ഞു. കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി മാര്‍ക്കറ്റ് നാല് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും 25ഓളം പൊലീസ്, ആംബുലന്‍സ് വാഹനങ്ങളും ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു. തീപ്പിടിത്തമുണ്ടായി ആദ്യ മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. സമീപത്തെ മറ്റിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനുമായെന്ന് ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു. കെട്ടിടങ്ങളിലുണ്ടായിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. അജ്മാന്‍ സിവില്‍ ഡിഫന്‍സിനൊപ്പം ദുബായ്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളും തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്‍ദുല്‍ അസീസ് അലി അല്‍ ശംസി പറഞ്ഞു.

അഞ്ച് സ്ത്രീകളുള്‍പ്പെടെ 96 അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈകുന്നേരം 6.30ന് വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന, അടുത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ തടഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ബ്രിഗേഡിയര്‍ അല്‍ ശംസി പറഞ്ഞു. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ പരിസരങ്ങളിലുണ്ടായിരുന്നതിനാല്‍ തീ പടര്‍ന്നുപിടിക്കാനും സാധ്യതയുണ്ടായിരുന്നു. സംഭവസ്ഥലം വ്യാഴാഴ്ച രാവിലെ അജ്‍മാന്‍ ഭരണാധികാരി സന്ദര്‍ശിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios