അബുദാബി: യുഎഇയില്‍ 13 പേര്‍ക്ക് കൂടി ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന ഏഴ് പേര്‍ സുഖംപ്രാപിക്കുകയും ചെയ്തു. ഇതോടെ യുഎഇയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി.

ശനിയാഴ്ച വൈകുന്നേരം ആരോഗ്യ പ്രതിരോധ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തിന് പുറത്തുനിന്ന് വന്നവരെയും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരെയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 38 ആയി. യുഎഇ പൗരന്മാര്‍ക്ക് പുറമെ പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, ഫിലിപ്പൈന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ഇന്ന് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്.

ആളുകള്‍ ഇപ്പോഴും വിനോദ കേന്ദ്രങ്ങളും മാളുകളും ബീച്ചുകളും റസ്റ്റോറന്റുകളുമൊക്കെ സന്ദര്‍ക്കുന്നുണ്ടെന്നും എന്നാല്‍ അത് ഒഴിവാക്കി സാമൂഹിക നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. ഫരീദ അല്‍ ഹുസൈനി പറഞ്ഞു. അത്യാവശ്യങ്ങള്‍ക്ക് മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാം. ബാക്കി സമയങ്ങളില്‍ വീടുകളില്‍ തന്നെയിരിക്കണം. പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചവരും മറ്റ്മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പുറത്തിറങ്ങുകയോ ജനങ്ങളുമായി ഇടപെടുകയോ ചെയ്യരുത്. ഇവരും 14 ദിവസത്തെ സ്വയം നിരീക്ഷണത്തിന് വിധേയമായി സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.

അത്യാവശ്യ സാഹചര്യമുണ്ടായാല്‍ ദുബായ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയെ നിരീക്ഷണ കേന്ദ്രമാക്കി മാറ്റുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവിടെ ഉറപ്പാക്കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള മരുന്നുകളെയും വാക്സിനുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളും ഗവേഷണങ്ങളും വിലയിരുത്താനുമായി പ്രത്യേക മെഡിക്കല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.