കുവൈത്തിൽ കമ്പനി ഉടമകളുടെ അറിവില്ലാതെ ട്രക്കുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് മറിച്ചു വിറ്റിരുന്ന 13 പേരെ പിടികൂടി. ഇവർ ഇന്ധനം ഊറ്റിയെടുത്ത് ലിറ്ററിന് 80 മുതൽ 150 ഫിൽസ് വരെ നിരക്കിലാണ് വിറ്റിരുന്നത്. പിടിച്ചെടുത്ത 14 വാഹനങ്ങൾ ഉടമകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനി ഉടമകളുടെ അറിവില്ലാതെ ട്രക്കുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് മറിച്ചു വിറ്റിരുന്ന 13 പ്രതികളെ പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള മാരിടൈം പോർട്ട്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷണക്കുറ്റങ്ങൾ തടയുന്നതിനും സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് പൊലീസിന്റെ നീക്കം.

കമ്പനി വാഹനങ്ങളിൽ നിന്ന് അനധികൃതമായി ഡീസൽ ഊറ്റിയെടുത്ത് ലിറ്ററിന് 80 മുതൽ 150 ഫിൽസ് വരെ നിരക്കിൽ മറിച്ചുവിറ്റ് പ്രതികൾ വൻതോതിൽ പണം സമ്പാദിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പരിശോധനയിൽ ഇന്ധനവും ഡീസലും മലിനജലവും കൊണ്ടുപോകുന്ന ടാങ്കറുകൾ, ട്രാക്ടറുകൾ, ഒരു ഡ്രഡ്ജർ, ശുദ്ധജല വിതരണ ട്രക്ക് എന്നിവയുൾപ്പെടെ 14 വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത ട്രക്കുകൾ അതത് കമ്പനി ഉടമകൾക്ക് കൈമാറിയതായും, പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും തുടരുമെന്നും, മറ്റുള്ളവരുടെ സ്വത്തുക്കൾ കയ്യേറാനോ അനധികൃത മാർഗ്ഗങ്ങളിലൂടെ ലാഭമുണ്ടാക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.