റിയാദ്: അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും പരസ്യപ്പെടുത്തിക്കൊണ്ട് വീഡിയോ ചിത്രീകരിച്ച് സംഭവത്തില്‍ 13 പേര്‍ അറസ്റ്റിലായി. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 11 യുവാക്കളും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. റിയാദിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

സ്ത്രീകളുമായി അവിഹിത ബന്ധം സ്ഥാപിക്കുന്നതിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും അഭിമാനിക്കുന്നുവെന്ന് പറയുന്നതായിരുന്നു ഇവര്‍ ചിത്രീകരിച്ച വീഡിയോ. യുവാക്കളും യുവതികളും അശ്ലീല സംഭാഷണങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഖാദിസിയ്യ സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന ഒരു യുവതിയെയും പൊലീസ് പിടികൂടിയത്.

മറ്റ് പത്ത് യുവാക്കളെയും ഒരു യുവതിയെയും പിന്നീട് മറ്റൊരിടത്തുനിന്നും പൊലീസ് പിടികൂടി. എല്ലാവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് വക്താവ് ലെഫ്. കേണല്‍ ശാകിര്‍ അല്‍ തുവൈജരി അറിയിച്ചു.