ദോഹ: ഖത്തറില്‍ ഇന്ന് 693 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1468 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ ഖത്തറില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 80,170ആയി. ഇന്ന് മൂന്ന് പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

95,106 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ 14,823 പേരാണ് ഇപ്പോള്‍ രോഗികളായിട്ടുള്ളത്. 113 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3506 പരിശോധനകള്‍ നടത്തി. ഇതുവരെ 3,52,659 കൊവിഡ് പരിശോധനകള്‍ ഖത്തറില്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധയെ തുടര്‍ന്നുള്ള സങ്കീര്‍ണതകളെ തുടര്‍ന്ന് ഒന്‍പത് പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ 203 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണത്തിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.