റിയാദ്: മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് റിയാദിലും ജിദ്ദയിലും പ്രവർത്തിച്ചിരുന്ന 16 അംഗ സംഘം അറസ്റ്റിൽ. മയക്കുമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള ശ്രമത്തിനിടെയാണ് പ്രതികളെ നർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വലയിലാക്കിയത്. സംഘത്തിന്റെ കൈയ്യിൽ നിന്ന് 1,89,33,823 ഉത്തേജക ഗുളികകൾ പിടികൂടി. 

പ്രതികളിൽ 10 പേർ സൗദി പൗരന്മാരും ആറ് പേർ വിദേശികളുമാണെന്ന് ഡയറക്ടറേറ്റ് വക്താവ് കാപ്റ്റൻ മുഹമ്മദ് അൽനജിദി അറിയിച്ചു. പ്രതികളെ പിന്തുടർന്ന് ക്രിമിനൽ സംഘത്തിന്റെ ശൃംഖലയെ വലയിലാക്കുകയും മയക്കുമരുന്ന് കടത്താനും വിൽപന നടത്താനും ഉപയോഗിച്ച മാർഗങ്ങളെ കണ്ടെത്തുകയും ചെയ്തു. റിയാദിൽ മയക്കുമരുന്ന് സംഘത്തിലെ അഞ്ച് സൗദി പൗരന്മാരാണ് പിടിയിലായത്. ഇവരിൽ നിന്ന് 98,78,500 ഉത്തേജക ഗുളികകളാണ് പിടികൂടിയത്. 

മറ്റ് 10 പേരെ ജിദ്ദയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വസ്ത്രങ്ങളുടെ ഒരു ഷിപ്പ്മെൻറിൽ ഒളിപ്പിച്ച നിലയിൽ 58,27,000 ഉത്തേജക ഗുളികകൾ കണ്ടെത്തി. മറ്റൊരു ശ്രമത്തിലാണ് ഒരു വിദേശി കൂടി പിടിയിലായത്. ജോർദാൻ അതിർത്തിയിലെ അൽഹദീദ പോസ്റ്റിലാണ് ഉരുളക്കിഴങ് ഷിപ്പ്മെൻറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 32,28,323 ഉത്തേജക ഗുളികകൾ കണ്ടെത്തിയ കേസിൽ ഇൗ വിദേശി പിടിയിലായത്.